മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗോഥിക് ഹൊറർ ത്രില്ലർ ചിത്രം 'ഭൗമ' 145 തിയറ്ററുകളുമായി രണ്ടാം വാരത്തിലേക്ക്

തിയറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം 'ഭൗമ' രണ്ടാം വാരത്തിലേക്ക്. 90-ൽ നിന്നും 145 തിയറ്ററുകളുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്.

റെജിൻ എസ്. ബാബു സംവിധാനം ചെയ്ത 'ഭൗമ'യിൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച ഈശോ എന്ന പോലീസ് കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ വിനീത്, സാഗർ സൂര്യ, രേവതി ശർമ്മ, ലെന എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളും അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ക്രിസ്റ്റോ സേവ്യറിന്‍റെ സംഗീതവും ശരൺ വേലായുധന്‍റെ ഛായാഗ്രഹണവും ചിത്രത്തിന്‍റെ നിഗൂഢമായ അന്തരീക്ഷം ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിന് ലഭിച്ച വൻ സ്വീകാര്യതയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ പ്രേരണയായതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ അതിഥി ബാലൻ, മധുപാൽ, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് അഭിനയിച്ചിട്ടുള്ളത്. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എം. ആർ. രാജാകൃഷ്ണൻ ശബ്‌ദമിശ്രണവും അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനും സൂരജ് ഇ. എസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്.

എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming