ചൈന്നൈ:  വിജയ് നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം 'ബിഗിലി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ്‍യുടെ ജന്മദിനത്തിന് മുമ്പ് ആരാധകര്‍ക്കുള്ള സര്‍പ്രൈസായാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 'തെറി', 'മെര്‍സല്‍' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയും സംവിധായകന്‍ അറ്റ്‍ലീയും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

'ബിഗിലി'ല്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകന്‍റെ കഥാപാത്രമാണ് വിജയ്‍യുടെ ഇരട്ടവേഷങ്ങളില്‍ ഒന്ന്. 16 പെണ്‍കുട്ടികള്‍  ഉള്‍പ്പെടുന്ന ഫുട്ബോള്‍  ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍  ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വിജയ് അവതരിപ്പിക്കുന്ന രണ്ടാമത്തെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടാതെ ആരാധകരില്‍ ആകാംഷയുണര്‍ത്തുകയാണ് അണിയറപ്രവര്‍ത്തകര്‍.

നയന്‍താരയാണ് ചിത്രത്തിലെ നായിക. എജിഎസ് എന്‍റര്‍ടെയ്‍ന്‍റ്മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്റോഫ് എന്നിവര്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ്  അണിനിരക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. 

ജൂണ്‍ 22-നാണ് വിജയ്‍യുടെ ജന്മദിനം. ഇളയ ദളപതിയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ജന്മദിനത്തോടനുബന്ധിച്ച് വിജയ്‍ക്ക് ആശംസകള്‍ നേരാന്‍ നിരവധി ഹാഷ്ടാഗുകളുമായി സജീവമായിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍.