കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് നഷ്‍ടം സഹിക്കുന്ന മേഖലകളുടെ കൂട്ടത്തില്‍ വിനോദവ്യവസായവും വരും. ഒരു ഘട്ടത്തില്‍  ലോകമാകമാനമുള്ള തീയേറ്റര്‍ ശൃംഖലകള്‍ മാസങ്ങളോളും അടഞ്ഞുകിടന്നിരുന്നു. ചില രാജ്യങ്ങള്‍ കര്‍ശന നിബന്ധകളോടെ തീയേറ്ററുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഹോളിവുഡില്‍ അടക്കം പ്രധാന റിലീസുകളൊന്നും ഇനിയും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ ശ്രീലങ്കയില്‍ നിന്ന് ഒരു വാര്‍ത്ത വരുന്നു. റീ ഓപണ്‍ ചെയ്‍ത ചില തീയേറ്ററുകളില്‍ വിജയ് നായകനായ തമിഴ് ചിത്രം ബിഗില്‍ റീ റിലീസ് ചെയ്‍തു എന്നതാണ് അത്.

ഒരു വിജയ് ആരാധകനാണ് പിവിആറിലെ ബിഗില്‍ ഷോ ടൈമിന്‍റെ സ്ക്രീന്‍ ഷോട്ട് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. തമിഴ് സിനിമയ്ക്ക് വലിയ പ്രേക്ഷകസമൂഹമുള്ള രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. തമിഴ് സമൂഹമുള്ള മലേഷ്യയിലും ബിഗില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിഗിലിനൊപ്പം വിജയ്‍യുടെ തന്നെ മെര്‍സലും സര്‍ക്കാരും മലേഷ്യല്‍ നിലവില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തേ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചതിനു ശേഷം തീയേറ്ററുകള്‍ തുറന്ന ജര്‍മ്മനിയിലും ഫ്രാന്‍സിലും ബിഗിലിന് ലിമിറ്റഡ് റീ റിലീസ് ഉണ്ടായിരുന്നു.

അതേസമയം ആരാധകര്‍ ഈ റീ റിലീസുകളൊക്കെ ട്വിറ്ററില്‍ ചര്‍ച്ചയാക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു പ്രചരണവും നടന്നിരുന്നു. തമിഴ്‍നാട്ടിലെ തീയേറ്ററുകള്‍ ഓഗസ്റ്റ് ഒന്നിന് റീ ഓപണ്‍ ചെയ്യും എന്നതായിരുന്നു അത്. എന്നാല്‍ അത് ഊഹാപോഹം മാത്രമാണെന്നും കൊവിഡ് നിയന്ത്രണവിധേയമാകുന്നതുവരെ തീയേറ്ററുകള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവില്ലെന്നും തമിഴ്‍നാട് മന്ത്രി കടമ്പൂര്‍ രാജു പിന്നാലെ പ്രതികരിച്ചു. അതേസമയം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ചിരിക്കുന്ന സിനിമകളില്‍ വിജയ് നായകനായ മാസ്റ്ററും ഉള്‍പ്പെടും. ഏപ്രില്‍ ഒന്‍പതിന് റിലീസ് പ്ലാന്‍ ചെയ്‍തിരുന്ന ചിത്രം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയി എത്തില്ലെന്നും കൊവിഡ് സാഹചര്യം മാറിയതിനു ശേഷം തീയേറ്റര്‍ റിലീസായി മാത്രമേ എത്തൂവെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ പ്രതികരിച്ചിരുന്നു.