തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. നയന്‍താരയാണ് നായിക.

കഥാമോഷണം ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് മദ്രാസ് ഹൈക്കോടതി നീട്ടിവെച്ചതോടെ വിജയ് ചിത്രം 'ബിഗിലി'ന്റെ റിലീസ് പ്രതിബന്ധങ്ങളൊന്നമില്ലാതെ നടക്കാന്‍ വഴിയൊരുങ്ങി. ഇതോടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി വിജയ് എത്തുന്ന സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം ഒക്ടോബര്‍ 25ന് ലോകമാകമാനമുള്ള തീയേറ്ററുകളിലെത്തും. ദീപാവലിക്ക് തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയ്യതി നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്.

Scroll to load tweet…

സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ അംഗം കെ പി സെല്‍വയാണ് ബിഗിലിന്റെ കഥ തന്റേതാണെന്ന് ആരോപിച്ച് കോടതികളെ സമീപിച്ചത്. ആദ്യം ചെന്നൈ സിറ്റി സിവില്‍ കോടതിയെയും പിന്നീട് അത് പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു പരാതിക്കാരന്‍. ചിത്രീകരണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ടാണ് സെല്‍വ ചെന്നൈ സിറ്റി സിവില്‍ കോടതിയെ സമീപിച്ചതെങ്കിലും പരാതിക്ക് അടിസ്ഥാനമായ ചെളിവുകള്‍ ഹാജരാക്കേണ്ട സമയമായപ്പോള്‍ പരാതി തന്നെ പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ച് മദ്രസ് ഹൈക്കോടതിയെയും സമീപിച്ചു. പരാതി തള്ളിക്കളയണമെന്ന് നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിവില്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവിടെനിന്ന് പിന്‍വലിച്ച് അതേ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരനെ അനുവദിച്ച സിവില്‍ കോടതി നടപടിയും ഹൈക്കോടതി പരിശോധിക്കും. 

തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍, 58 മിനിറ്റ്, 59 സെക്കന്റ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, കതിര്‍, വിവേക്, ഡാനിയല്‍ ബാലാജി, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുക.