Asianet News MalayalamAsianet News Malayalam

വന്‍ മേക്കോവറില്‍ ബിജു മേനോന്‍; 'ആര്‍ക്കറിയാ'മില്‍ 72കാരന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ക്കറിയാം'. പാര്‍വ്വതി നായികയാവുന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രത്തിന്‍റെ അച്ഛനായാണ് ബിജു മേനോന്‍ എത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

biju menon is 72 year old in aarkkariyam
Author
Thiruvananthapuram, First Published Jan 28, 2021, 5:44 PM IST

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വലിയ മേക്കോവറുകളില്‍ അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടനാണ് ബിജു മേനോന്‍. എന്നാല്‍ ഏറ്റവും പുതിയ ചിത്രം 'ആര്‍ക്കറിയാ'മില്‍ അദ്ദേഹത്തെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ബിജു മേനോന്‍ ആണെന്നുതന്നെ പറയില്ല. മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച ഒരു 72 വയസുകാരനാണ് ചിത്രത്തില്‍ ബിജുവിന്‍റെ കഥാപാത്രം. ചിത്രത്തിലെ ബിജു മേനോന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തി. നേരത്തെ പുറത്തെത്തിയ ടീസറിലെ ഒരു ചെറു രംഗത്തില്‍ ഈ കഥാപാത്രം മുഖംകാണിച്ച് പോയിരുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആര്‍ക്കറിയാം'. പാര്‍വ്വതി നായികയാവുന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രത്തിന്‍റെ അച്ഛനായാണ് ബിജു മേനോന്‍ എത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.  

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' സംവിധായകന്‍ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന 'ആർക്കറിയാമി'ന്‍റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്‍റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം ഫെബ്രുവരി 26ന് റിലീസ് ചെയ്യും. 

'മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം' (2003) എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് മലയാളത്തിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, മാലിക് തുടങ്ങിയവയാണ് പ്രധാന വര്‍ക്കുകള്‍. 

Follow Us:
Download App:
  • android
  • ios