തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 366 എന്ന പുതിയ ചിത്രത്തിനായി മോഹൻലാൽ പുതിയ ഗെറ്റപ്പിലാണ് എത്തുന്നത്

തുടരും എന്ന വിജയചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. 23 ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമ മോഹന്‍ലാലിന്‍റെ കരിയറിലെ 366-ാമത്തെ ചിത്രമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് തുടരും ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതിനൊപ്പം മറ്റൊരു കൗതുകം കൂടി ഈ ചിത്രത്തിനുമേല്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം താടി പൂര്‍ണ്ണമായി എടുത്ത്, കട്ടി മീശയും വച്ച ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് അത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച 23 ന് മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

മോഹന്‍ലാലിന്‍റെ 'എല്‍ 366' ലുക്ക്

ഇത് വേഗത്തില്‍ തന്നെ വൈറല്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്ന് ആരാധകരില്‍ ചിലര്‍ പങ്കുവച്ചതും മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്ത് പങ്കുവച്ചതുമായ മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഒഫിഷ്യല്‍ ചിത്രത്തിന് ലഭിച്ചതുപോലെയുള്ള പ്രതികരണങ്ങളല്ല ലഭിച്ചത്. മറിച്ച് അവ സമ്മിശ്രമായിരുന്നു. മോഹന്‍ലാലിന് പുതിയ ലുക്ക് ചേരുന്നില്ലെന്ന് അഭിപ്രായപ്പെട്ട ഒരു വിഭാഗം ഉണ്ടായിരുന്നു. എന്നാല്‍ പുറത്തെത്തിയ ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് മോഹന്‍ലാല്‍ ആരാധകരും വാദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്‍റെ ഒരു വീഡിയോ തന്നെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.

ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രമായ നരസിംഹം തിയറ്ററുകളില്‍ എത്തിയിട്ട് 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന ദിവസമാണ് ഇന്ന്. അതിന്‍റെ ഭാഗമായി കൊച്ചിയില്‍ ആശിര്‍വാദ് സിനിമാസിന്‍റെ പുതിയ സ്പേസ് നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. അതിന്‍റെ വീഡിയോയില്‍ താടി വച്ച ഗെറ്റപ്പില്‍ ആയിരുന്നു മോഹന്‍ലാല്‍. എന്നാല്‍ ആശിര്‍വാദ് പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് വീഡിയോയില്‍ ഷേവ് ചെയ്ത്, മീശ മാത്രം വച്ച ഗെറ്റപ്പിലാണ് മോഹന്‍ലാല്‍. ആശിര്‍വാദിന്‍റെ പിറന്നാളിന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും ആന്‍റണി പെരുമ്പാവൂരുമൊക്കെയുണ്ട്. ന്യൂ ലുക്കില്‍ മോഹന്‍ലാലിന്‍റെ ഒരു വീഡിയോ ആദ്യമായാണ് പുറത്തെത്തുന്നത്. അതിനാല്‍ത്തന്നെ അത് വേഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming