മറ്റുള്ളവരിലേക്ക് തുറന്നുപിടിച്ച കണ്ണും കാതുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.
പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമ മോഷൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന നടന്ന സംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. സിനിമയിലെ രസകരമായ ബ്രില്യന്‍സ് കണ്ടെത്തി ചര്‍ച്ചയാക്കുന്ന പ്രൊഫൈലുകളാണ് ഇക്കുറി സിനിമാ പോസ്റ്ററിലെ രഹസ്യങ്ങളും പുറത്തു കൊണ്ടുവന്നത്. അണിയറപ്രവർത്തകർ പറയാതെ പറഞ്ഞ ബ്രില്യൻസ് കണ്ടെത്തി നിരവധി പോസ്റ്റുകളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.
മറ്റുള്ളവരിലേക്ക് തുറന്നുപിടിച്ച കണ്ണും കാതുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ചിലരുടെ തല തന്നെ കാമറയാണ്. അൽപ്പം കുനിഞ്ഞ് ഒളിഞ്ഞുനോട്ടമെന്ന് തോന്നിപ്പിക്കും വിധമാണ് കഴുത്തിന് മുകളിൽ കാമറ പിടിപ്പിച്ച ഒരുത്തന്റെ നിൽപ്പ്. ആരെയോ കേൾക്കാനെന്ന പോലെ വള്ളിപ്പടർപ്പിൽ വിരിഞ്ഞ ചെവി പൂമ്പാറ്റ കണക്കെ പാറിപറക്കുകയാണ്. വള്ളിയിൽ കായ്ച്ചത് കായ്കളല്ല, കണ്ണുകളാണ്. തുറന്നുപിടിച്ച കണ്ണുകൾ. കണ്ണും കാതുമുള്ള വള്ളിച്ചെടി കഥാപാത്രങ്ങളിലൂടെ ഓരോ വീടുകളും കയറിയിങ്ങുകയാണ്. മനുഷ്യന്റെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന വള്ളിച്ചെടി, ലൈംഗികതയും മദ്യപാനവും സ്വയംഭോഗവുമെല്ലാം വള്ളിച്ചെടികളിലൂടെ കാണിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്കൊപ്പം കുറേ വീടുകളും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഒന്നിന് മുകളിൽ ഒന്നായി നിവർത്തിയും കമിഴ്ത്തിയുമൊക്കെ വീടുകൾ പണിതുവച്ചിട്ടുണ്ട്.

"ഒരു മെക്സിക്കൻ അപാരത"എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന രണ്ടാമത്തെചിത്രമാണ്" നടന്ന സംഭവം". അനൂപ് കണ്ണൻ, രേണു എ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ലാലു അലക്സ്, ജോണി ആന്റണി, ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനം കവർന്ന താരങ്ങളാണ് ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം എന്ന രീതിയിൽ പ്രതീക്ഷകളും വാനോളം ഉയരും എന്നുറപ്പാണ്.
'ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്, എല്ലാ രാത്രിയിലും സുധി കയറി വരും'; ബിനു അടിമാലി പറയുന്നു
രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ . "ജയ ജയ ഹേ" എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം അങ്കിത് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം മനേഷ് മാധവൻ. എഡിറ്റർ സൈജു ശ്രീധരൻ,ടോബി ജോൺ. ആർട്ട് ഡയറക്ടർ ഇന്ദുലാൽ. പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. കോസ്റ്റ്യൂം സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ശ്രീജിത്ത് നായർ,സുനിത് സോമശേഖരൻ. സ്റ്റിൽസ് രാഹുൽ എം സത്യൻ, ആക്ഷൻ പിസി സ്റ്റണ്ട്സ്,പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് സീറോ ഉണ്ണി. തൃശ്ശൂരും എറണാകുളവും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും..

