ജിയോ ഹോര്‍ട് സ്റ്റാറിലെ പുതിയ വെബ് സീരീസാണ് 'റോസ്ലിൻ'. ഭീതിപ്പെടുത്തുന്ന സ്വപ്നങ്ങളാൽ വേട്ടയാടപ്പെടുന്ന റോസ്ലിൻ എന്ന പെൺകുട്ടിയുടെ കഥയാണിത്. ജീത്തു ജോസഫ് ഷോ റണ്ണറായ സീരീസിന് തിരക്കഥയൊരുക്കിയത് വിനായക് ശശികുമാറാണ്.
ജിയോ ഹേട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ വെബ് സീരിസ് റോസ്ലിനെ പുകഴ്ത്തി എംപി ഹൈബി ഈഡന്‍. 'റോസ്ലിന്‍' മലയാള വെബ്സീരിസ് രംഗത്തെ പുതിയ ചരിത്രമാണെന്നും ഗംഭീര എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന സീരീസ് ആണെന്നുമായിരുന്നു ഹൈബി ഈഡന്‍റെ വാക്കുകള്‍. തിരക്കഥാകൃത്തായി വിനായക് ശശികുമാറിന്‍റെ അരങ്ങേറ്റവും മനോഹരമായെന്നും അഭിനയിച്ച അഭിനേതാക്കളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് ഷോ റണ്ണര്‍ ആയി എത്തിയ ഏറ്റവും റോസ്ലിന് കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. നവാഗതനായ സുമേഷ് നന്ദകുമാര്‍ ആണ് സീരീസ് സംവിധാനം ചെയ്തത്. 'മൂത്തോൻ' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജന ദീപു ടൈറ്റിൽ കഥാപാത്രമായ റോസ്ലിനെ അവതരിപ്പിക്കുന്നത്. പച്ചക്കണ്ണുകളുള്ള ഒരാൾ തന്നെ പിന്തുടരുന്നു എന്ന തോന്നലും ഭീതിതമായ സ്വപ്നങ്ങളും വേട്ടയാടുന്ന ഒരു പെൺകുട്ടിയാണ് റോസ്ലിൻ. തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവൾ ഡോക്ടറോട് സംസാരിക്കുന്നുണ്ടെങ്കിലും, രാത്രിയിരുന്ന് പുസ്തകം വായിക്കുന്നതാണ് ഇതിന് കാരണമെന്ന് പറഞ്ഞ് അവളുടെ മാതാപിതാക്കൾ അതെല്ലാം തള്ളിക്കളയുകയാണ്.
എന്നാൽ റോസ്ലിന്റെ ഭയത്തെ ശരിവെക്കുന്ന തരത്തിൽ അവൾ ഭയപ്പെടുന്ന ആ അപരിചിതൻ അവരുടെ വീട്ടിലെ അതിഥിയായി എത്തുകയാണ്. ഇതോടെ കഥയിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകൾ സംഭവിക്കുന്നു. അവളുടെ മാതാപിതാക്കളുടെ വിശ്വാസം അതിഥി നേടിയെടുക്കുന്നു. അയാളുടെ നിഗൂഢമായ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താൻ റോസ്ലിന് സാധിക്കുമോ എന്നതാണ് സീരീസ് കാഴ്ചക്കാർക്ക് മുന്നിൽ വെക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ലിറിസിസ്റ്റ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും റോസ്‌ലിന് ഉണ്ട്. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ് നിർമ്മാണം. വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിക്കുന്നു സീരിസിൽ ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പി.എം ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് റിയാസ് കെ ബദറാണ്. സംഗീതം വിഷ്ണു ശ്യാം. പി.ആർ.ഓ - റോജിൻ കെ റോയ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ സീരീസ് ലഭ്യമാകും.



