കോളെജ് വേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവം ചര്‍ച്ചയാവുന്നതിനിടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചാരം നേടിയിരുന്നു. സംഭവത്തിന് കാരണക്കാരനായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനൊപ്പം ഒരു മേശയ്ക്കിപ്പുറമിരുന്ന് ബിനീഷ് അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്നതാണ് വീഡിയോയില്‍. മമ്മൂക്കയോടും ലാലേട്ടനോടും സംസാരിക്കുന്നതുപോലെ തന്നെയാണ് 'അനിലേട്ടന്‍' തന്നോട് സംസാരിക്കാറെന്നും തനിക്ക് ഇഷ്ടപ്പെട്ട സംവിധായകനാണ് ഇദ്ദേഹമെന്നും വീഡിയോയില്‍ ബിനീഷ് പറയുന്നുണ്ട്. ഈ വീഡിയോ പ്രചാരം നേടുന്നതിനിടെ വിശദീകരണവുമായി ബിനീഷ് ഫേസ്ബുക്ക് ലൈവില്‍ എത്തി. ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ നാലഞ്ച് മാസം പഴക്കമുള്ളതാണെന്ന് വ്യക്തമാക്കുന്നു ബിനീഷ് ബാസ്റ്റിന്‍. തനിക്ക് ഏറെ ബഹുമാനമുണ്ടായിരുന്ന ഒരാള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നതിന്റെ വേദനയാണ് പങ്കുവച്ചതെന്നും..

'അനില്‍ രാധാകൃഷ്ണന്‍ മേനോനെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. കൂട്ടുകാരോട് പറയുമ്പോഴൊക്കെ അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമാണ് പറയാറുള്ളത്. അദ്ദേഹത്തിന്റെ സിനിമകളും ഇഷ്ടപ്പെടുന്ന ഒരാളാണ്. ഒരു പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലും നല്ലത് മാത്രമാണ് ഞാന്‍ പറയുന്നത്. അങ്ങനെയൊരാള്‍ എന്തുകൊണ്ടാണ് എന്നോട് ഇങ്ങനെ കാണിച്ചത് എന്ന സങ്കടമാണ് ഞാന്‍ പങ്കുവച്ചത്. ഇപ്പോള്‍ പ്രചരിക്കുന്ന ആ വീഡിയോ മൂന്നാല് മാസത്തിന് മുന്‍പുള്ള വീഡിയോ ആണ്. 30ന് പാലക്കാട് വച്ചുണ്ടായ സംഭവത്തെക്കുറിച്ചാണ് ഇന്നലെ ഞാന്‍ സംസാരിച്ചത്. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണ്. അടുത്ത പടത്തില്‍ ഒരു ചാന്‍സ് തരാമെന്നൊക്കെ അനിലേട്ടന്‍ ഇപ്പോള്‍ പറയുന്നുണ്ട്. ചാന്‍സുകളിലൊക്കെ അങ്ങനെ ചാടിക്കേറി അഭിനയിക്കുന്ന ആളല്ല ഞാന്‍. എന്നെ പിന്തുണയ്ക്കുന്നവര്‍ക്കുകൂടി ഇഷ്ടമാകുന്ന ഒരു തീരുമാനമേ ഇക്കാര്യത്തില്‍ ഞാന്‍ എടുക്കൂ', ബിനീഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

തങ്ങള്‍ക്കിടയില്‍ അടുത്ത സൗഹൃദം ഇല്ലെന്നും നാലോ അഞ്ചോ തവണ മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളതെന്നും അഞ്ച് മിനിറ്റിലധികം സംസാരിച്ചിട്ടില്ലെന്നും ബിനീഷ് പറയുന്നു. ഒപ്പം ഈ ഘട്ടത്തില്‍ ഒപ്പം നിന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും.