വിജയ് ചിത്രം ജനനായകന് കനത്ത തിരിച്ചടി. ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നൽകിയ ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. കേസ് ഇനി പരിഗണിക്കുക 21ന് മാത്രം. 

ചെന്നൈ: വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ. കേസ് പൊങ്കൽ അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്. സ്റ്റേയ്ക്ക് മുന്‍പ് കോടതിയില്‍ കടുത്ത വാദപ്രതിവാദം ആയിരുന്നു നടന്നത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി തുഷാര്‍ മേത്തയാണ് ഹാജരായത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മുകുള്‍ റോത്തക്കും ഹാജരായി. 

തങ്ങളുടെ ഭാഗം ക‍ൃത്യമായി കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്നും സത്യവാങ്മൂലം നല്‍കാനുള്ള അവസരം ലഭിച്ചില്ലെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം. ഈ ഘട്ടത്തില്‍ എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര തിടുക്കം എന്നാണ് കോടതി നിര്‍മാതാക്കളോട് ചോദിച്ചത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിക്കാന്‍ കഴിയുമോന്നും കോടതി ചോദിച്ചു. കോടതിയെ അനാവശ്യമായി സമ്മർദത്തിൽ ആക്കുന്നത് എന്തിനെന്നും നിര്‍മാതാക്കളോട് കോടതി ചോദിച്ചു. 

അതേസമയം, സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി വന്നില്ലെങ്കില്‍ പൊങ്കലിന് അപ്പുറത്തേക്ക് ജനനായകന്‍റെ റിലീസ് മാറുമെന്ന് ഉറപ്പാണ്. ഇനി 21ന് ശേഷമാണ് കേസ് പരിഗണിക്കുക. ജനുവരി 9 അതായത് ഇന്ന് റിലീസാകേണ്ട സിനിമയാണ് ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 

വിജയ് സജീവ രാഷ്‍ട്രീയത്തിലിറങ്ങിയതിനാല്‍ താരത്തിന്റെ അവസാന സിനിമ എന്ന നിലയിലാണ് ജനനായകൻ ഒരുങ്ങിയത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming