ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'വേറെ ഒരു കേസ്' എന്ന ചിത്രം രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫെസ്റ്റിവലിലെ ഏക മലയാള സിനിമയായ ഇത്, സാമൂഹിക പ്രസക്തിയുള്ള ഒരു പരീക്ഷണ ചിത്രമാണ്.
ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരെഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തെരെഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമയും "വേറെ ഒരു കേസ് " ആണ്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു.
വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, അംബി പ്രദീപ്, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവർ അഭിനയിക്കുന്നു. കുറച്ചു കാലത്തിന് ശേഷം അലൻസിയർ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംഗ് അമൽ ജി സത്യൻ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പി. ആർ. ഒ. ബിജിത്ത് വിജയൻ. ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയ ഷെബി ചൗഘട്ടിന്റെ "വേറെ ഒരു കേസ്" കൂടുതൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.



