അനുമോളുടെ പിആര്‍ ആണ് വിനു.
അനുമോൾക്ക് പിആർ ഉണ്ടെന്ന് ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് ആദ്യമായി പറഞ്ഞയാളാണ് ബിന്നി സെബാസ്റ്റ്യൻ. 16 ലക്ഷം രൂപയ്ക്കാണ് താൻ പിആർ കൊടുത്തതെന്ന് അനുമോൾ തന്നോട് പറഞ്ഞതായും ബിന്നി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പുറത്തിറങ്ങിയതിനു ശേഷം താൻ വളരെയധികം സൈബർ ബുള്ളിയിങ്ങ് നേരിടേണ്ടി വരുന്നുണ്ടെന്നും ബിന്നി പറഞ്ഞിരുന്നു. എന്നാൽ, അനുമോൾ 16 ലക്ഷം രൂപയുടെ കാര്യം പറഞ്ഞു എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിന്നി ചെയ്തത്.
ഇപ്പോളിതാ ബിന്നിയും അനുമോളുടെ പിആറുമായ വിനുവും ഒരേ വേദിയിൽ എത്തിയിരിക്കുകയാണ്. ബിഗ്ബോസിനകത്തും പുറത്തും ബിന്നിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായി മാറിയ നെവിനും ഒപ്പമുണ്ടായിരുന്നു. പരിപാടിയിൽ വിനുവിന് അവാർഡ് നൽകിയത് ബിന്നിയായിരുന്നു. വിനു പിആർ എന്ന പേര് ഏറ്റവും കൂടുതൽ ഹിറ്റ് ആക്കിയത് താനാണെന്നാണ് ബിന്നി വേദിയിൽ വെച്ച് പറയുന്നത്. ''പലരും പിആർ ചെയ്യാറുണ്ട്. പക്ഷേ വിനു പിആർ എന്ന് പേര് ഏറ്റവും കൂടുതൽ ഹിറ്റ് ആക്കിയത് ഞാൻ ആണ്. ഒരു പേയ്മെന്റും വാങ്ങാതെയാണ് ഞാൻ അത് ചെയ്ത്. അതിനുള്ള നന്ദി കാണിക്കണം'', എന്നാണ് ബിന്നി പറയുന്നത്. ബിന്നി പറയുന്നത് ചിരിച്ചുകൊണ്ട് നോക്കിനിൽക്കുന്ന വിനുവിനെയും വീഡിയോയിൽ കാണാം. കേരളത്തിലെ പെൺപിള്ളേരുടെ ഹരമായി വിനു മാറി എന്നായിരുന്നു നെവിന്റെ പ്രതികരണം. വിനു എന്ന പേരു കേട്ടപ്പോൾ ആദ്യം മനസിലേക്കു വന്നത് ഒരു തന്തവൈബ് ഉള്ളയാളുടെ മുഖമാണെന്നും എന്നാൽ കണ്ടപ്പോളാണ് ക്യൂട്ട് ബോയ് ആണെന്നു മനസിലായതെന്നും നെവിൻ പറയുന്നുണ്ട്.
അതിനിടെ, അനുമോളുടെ കുടുംബവും സുഹൃത്തുക്കളും മറ്റു ചിലരും ആവശ്യപ്പെട്ടതിനെ തുടർന്ന് അനുമോളുടെ അടുത്ത് നിന്ന് അകലം പാലിക്കാൻ തീരുമാനിച്ചതായി വിനു അടുത്തിടെ അറിയിച്ചിരുന്നു.
