ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരം തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന് ആയിരുന്നു. 'മാടമ്പള്ളിയിലെ മനോരോഗി', 'കോമാളി മേല്‍ക്കൈ നേടുന്ന കാലം' എന്നീ ലേഖനങ്ങള്‍ പരിഗണിച്ചായിരുന്നു പുരസ്കാരം. ബെസ്റ്റ് ആക്ടര്‍, 1983, സൈറ ബാനു എന്നീ ചിത്രങ്ങളുടെ രചയിതാവാണ് ബിപിന്‍ ചന്ദ്രന്‍. ബെസ്റ്റ് ആക്ടറില്‍ 'ഡെന്‍വര്‍ ആശാന്‍റെ' (നെടുമുടി വേണു) ഗുണ്ടാത്താവളത്തില്‍ മോഷ്ടിച്ചുകൊണ്ടുവന്ന ഒരു അവാര്‍ഡ് ശില്‍പത്തിനു മുകളിലാണ് മെഴുകുതിരി കത്തിച്ചുവെക്കുന്നത്. അവാര്‍ഡ് ശില്‍പ മോഷണത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആ സീക്വന്‍സ് അവസാനിക്കുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന മോഹന്‍ ആ അവാര്‍ഡ് ശില്‍പവും കൈയിലേന്തി കണ്ണാടിയില്‍ നോക്കുന്ന രംഗത്തോടെയാണ്. ആ സീന്‍ എഴുതുമ്പോള്‍ തന്‍റെ കൈയ്യില്‍ ഒരു അവാര്‍ഡ് ശില്‍പം എന്നെങ്കിലും വന്നുകയറുമെന്ന് കരുതിയിരുന്നേയില്ലെന്ന് പറയുന്നു ബിപിന്‍ ചന്ദ്രന്‍. ഒപ്പം അഭിനന്ദനങ്ങളുമായി എത്തിയവരോടുള്ള സ്നേഹവും അറിയിക്കുന്നു ബിപിന്‍.

ബിപിന്‍ ചന്ദ്രന്‍റെ കുറിപ്പ്

ബെസ്റ്റ് ആക്ടർ സിനിമയിൽ ഒരു രംഗമുണ്ട്. അടിച്ചു മാറ്റിയ ഒരു അവാർഡ് ശില്പത്തിന്റെ ഉച്ചിയിലാണ് സിനിമയിലെ ഡെൻവർ ആശാന്റെ ഗുണ്ടാത്താവളത്തിൽ മെഴുകുതിരി കത്തിച്ചു വെക്കാറുണ്ടായിരുന്നത് . അത് നോക്കി സലിംകുമാറിന്റെ പ്രാഞ്ചി പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
" സ്വർണ്ണമാണെന്ന് കരുതി അടിച്ചു മാറ്റിയതാണ് . പിന്നല്ലേ വിവരമറിഞ്ഞത്. പാട്ടപ്പിച്ചളയാണെന്ന്." മമ്മൂട്ടി അവതരിപ്പിച്ച സ്കൂൾ അധ്യാപകനായ മോഹൻ ആ ശിൽപവും കയ്യിലെടുത്ത് ഒരു അവാർഡ് ജേതാവിനെ പോലെ  കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ദൃശ്യത്തിലാണ് സിനിമയിലെ  സീൻ 39 അവസാനിക്കുന്നത്. ആ സീൻ എഴുതുമ്പോഴോ എടുക്കുന്നത് കണ്ടു നിൽക്കുമ്പോഴോ ഒറിജിനൽ വാധ്യാർ വേഷക്കാരനായ എൻറെ കയ്യിൽ എന്നെങ്കിലും ഒരു സ്റ്റേറ്റ് അവാർഡ് ശില്പം വന്നു കയറും എന്ന് കാടൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നേയില്ല. പൂക്കെന്ന് അപ്പൻ മയിശ്രേട്ടായി എന്ന് പറയുന്ന പോലെയാണ് കഴിഞ്ഞ ദിവസം ഞാൻ ഒരു സ്റ്റേറ്റ് അവാർഡുകാരനായത്. സിനിമ എഴുതിയതിനല്ല, സിനിമയെക്കുറിച്ച് എഴുതിയതിനാണ് കിട്ടിയത്. ഒരു സുപ്രഭാതത്തിൽ എഴുത്ത് ഒറ്റയ്ക്കങ്ങ് കൊടുമുടിയിലേക്ക്  ഓടിക്കയറിയതൊന്നുമല്ല.ഒരു പാട് പേരുടെ തുണയിലും തണലിലും ഒത്തിരി കാലം കൈപിടിച്ചു നടന്നു നടന്നെത്തിയതാണ്.

സമകാലിക മലയാളത്തിലെയും മാധ്യമത്തിലെയും പത്രാധിപസമിതിയെ മറക്കുവതെങ്ങനെ. അമരക്കാരായ സജി ജെയിംസിനും ബിജുരാജിനും ടീമിനും സലാം. "കോമാളി മേൽക്കൈ നേടുന്ന കാല"വും "മാടമ്പള്ളിയിലെ മനോരോഗി" യും ചേർന്ന് സർക്കാരിൻറെ സ്വർണ്ണക്കളറ് " ശിപ്ലം" വീട്ടിലെത്തിക്കാനുള്ള വഴിയൊരുക്കിയിട്ടു. അയൽപക്കംകാരനായ ജോസഫ് സാർ, ആദ്യം കൊട്ടകയിൽ കൊണ്ടുപോയ മഞ്ഞപ്പള്ളിക്കുന്നേൽ  ലാലിച്ചൻ, ചിറ്റയുടെ ഭർത്താവ് എസ് .ആർ. വി. നായർ, ജി അമൃതരാജ്, എസ് .ജയചന്ദ്രൻ നായർ സാർ, ജോർജി തോമസ്........ കാഴ്ചയെയും വായനയെയും കാഴ്ചയെഴുത്തിനെയും പലതരത്തിൽ സ്വാധീനിച്ച ഒരുപാട് പേരുണ്ട്. അവരെക്കുറിച്ചൊക്കെ കുത്തിയിരുന്ന് ഓർക്കാനും മാത്രമുണ്ട് കടപ്പാടിന്റെ  കിലോക്കണക്കിന് കഥകൾ. എഴുതി ബോറടിപ്പിക്കുന്നില്ല. പക്ഷേ മറക്കണേൽ  മരിക്കണം. സ്മരണ വേണം തേവരേ എന്ന് സുരേഷ് ഗോപി പറയുന്നേനും  മുന്നേ കാർന്നോര് പറഞ്ഞു പഠിപ്പിച്ച് തന്നിട്ടുണ്ടാരുന്നു.അതുകൊണ്ടാണ് വിളിച്ചവരോടെല്ലാം വെളുപ്പാൻകാലം വരെ ഉണർന്നിരുന്നു വർത്താനം പറഞ്ഞത്. "ഡെൻവർ ആശാൻ" നെടുമുടി വേണുച്ചേട്ടനും സുനിൽ പി ഇളയിടം മാഷുമൊക്കെ വിളിച്ചിട്ട് എടുക്കാൻ പോലും പറ്റിയില്ല. കഴഞ്ചിനു പോലുമുറങ്ങാതെ കണ്ണിൻറെ പുളിപ്പുമായി പിറ്റേന്ന് മൊത്തം മെനക്കെട്ടിരുന്ന് മെസേജുകൾക്ക്  മറുപടി അയച്ചതും അതുകൊണ്ടുതന്നെ.
   പക്ഷേ വാട്സാപ്പിന്റെയും ഫേസ്ബുക്കിന്റെയും മെസഞ്ചറിന്റെയും ഷട്ടർ തുറന്നപ്പോഴാണ് തലകറങ്ങിപ്പോയത്. അതിൽ കാത്തിരുന്നത് ഒരു ലോഡ് പോസ്റ്റുകൾ ആയിരുന്നു. വെറുതെ പോസ്റ്റുകൾ എന്ന് മാത്രം പറയുന്നത് അതിനെ ചെറുതാക്കലാകും. സ്നേഹത്തിൻറെ പലതരം പൂക്കൾ വിടർന്നു പടർന്ന ചെടികളും ചില്ലകളും വല്ലികളും പരിഗണനയുടെ പെരുമരങ്ങളും നിറഞ്ഞ ഒരു കുളിരിടമായി ഫോണിൻറെ ചതുരം.നിസ്സാരനായ ഒരു മനുഷ്യജീവിക്ക് ഒരു കൂട്ടം മനുഷ്യർ ചൊരിഞ്ഞിട്ടു തരുന്ന കരുതലിന്റെ   പൂക്കാലം. അതിൽപരം എന്തുവേണം ഈ ഉലകിൽ അന്തസ്സോടെ പുലരാൻ .
മനുഷ്യർക്ക് മനുഷ്യർ വേണമെന്നേ. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെ എല്ലാം വേണം . എന്നെ ചേർത്തു പിടിച്ചവർക്കൊരു സലാം തിരിച്ചുകൊടുക്കാൻ രാവുംപകലും ചെലവിടുന്നത് ഭ്രാന്തല്ല. അതെന്റെ മിനിമം കടമയാണ്. സ്നേഹത്തിന് ചില ഉത്തരവാദിത്വങ്ങൾ കൂടെയുണ്ട്.
"പ്രണയത്തിനുണ്ട്  ചില ഗണിതവും യുക്തിയും
യുക്തിക്കതീതമാം അറിവും "
സ്നേഹത്തിനും ഉണ്ടത്‌.
ഒരുപാട് സമയം എടുത്തിട്ടും ഒരുപിടി ആൾക്കാർക്കേ മറുപടി ഇടാൻ കഴിഞ്ഞിട്ടുള്ളൂ. അതിനിടെ ഉറക്കം നിന്നിട്ട് ഇത്തിരി ആരോഗ്യപ്രശ്നവും ഉണ്ടായി . അനന്തമായ സമയം അല്ലാഹുവിൻറെ ഖജനാവിൽ മാത്രം എന്ന് ബഷീർ. ഇച്ചിരിപ്പിടിയോളം സമയമേ മനുഷ്യർക്ക് ഉള്ളൂ. ശകലം സമയം എടുത്തിട്ട് ആയാലും ശരി എല്ലാവരെയും സന്തോഷം അറിയിച്ചാലേ  സമാധാനമാകൂ. അവാർഡ് ശില്പത്തിന് സ്വർണ്ണവർണ്ണമേ ഉള്ളൂ. പക്ഷേ ആൾക്കാരുടെ ഇഷ്ടം തനിത്തങ്കമാണ്.  അതുകൊണ്ടുതന്നെ അവാർഡിന്റെ വെങ്കലത്തേക്കാൾ ആൾക്കാരുടെ ഇഷ്ടം എനിക്ക് അമൂല്യമാകുന്നു. സ്നേഹമുള്ള മനുഷ്യരെല്ലാം തങ്കപ്പൻമാരും തങ്കമ്മമാരുമാണ്. നിങ്ങളൊക്കെ സ്വന്തം ഫോണിലല്ല എൻറെ ഹൃദയത്തിനുള്ളിലാണ് നിങ്ങളുടെ ആശംസകൾ എഴുതിയിട്ടത്. അതുകൊണ്ടുതന്നെ എൻറെ ഈ വാക്കുകളെ ചങ്കു നിറഞ്ഞുള്ള ഉമ്മയായി കരുതണം . സജി ജെയിംസിന് ഒരുമ്മ കൂടി കൊടുക്കും . മാമനോട് ഒന്നും തോന്നരുതേ.പഠിക്കുന്ന കാലത്ത് ഫിലിം റിവ്യൂ മത്സരത്തിന് പറഞ്ഞുവിട്ടയാൾ തന്നെയാണ് "കോമാളിക്കാലം" കവർ സ്റ്റോറിയായി കൊടുത്ത പത്രാധിപരും. പണ്ടത്തെ പാട്ട് ഒന്ന് മാറ്റിപ്പിടിക്കട്ടെ ഞാൻ.
"കൊണ്ടുനടന്നതും നീയേ ചേട്ടാ
കൊണ്ടു മിന്നിച്ചതും നീയേ ചേട്ടാ"
എനിക്കിപ്പോൾ കരച്ചിൽ വരുന്നത് നിങ്ങൾ കാരണമാണ് മനുഷ്യരേ.മനുഷ്യർ മനുഷ്യരെ സംഗീതം പോലെ സ്നേഹിക്കുന്ന കാലം വരുമെന്നത് ഒരിക്കലും നടക്കാത്തൊരു സ്വപ്നമൊന്നുമല്ല. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പച്ചയായ സത്യമാണ്.
രോഗാതുരമായ ഈ കാലത്തും നിങ്ങൾ പകർന്നുതന്ന സുഖകാലകീർത്തനത്തിൻറെ ഔഷധപ്പച്ചയിലാണ് ഞാൻ. മനസ്സിന് മരുന്നു പകർന്ന എല്ലാവരെയും ഇറുക്കിക്കെട്ടിപ്പിടിക്കുന്നു.
നിറുകയിൽ ഉമ്മ വെക്കുന്നു.
ഹൃദയത്തിൻറെ വിരൽപ്പാട്  പതിയുന്ന കയ്യൊപ്പുകളാണ് ഓരോ ഉമ്മയും.
അതിൽപരം എന്താണ് ഞാൻ തൽക്കാലം  തരിക. 
അടക്കിപ്പിടിക്കാൻ പറ്റാത്ത സ്നേഹത്തോടെ
നിങ്ങളുടെ ഞാൻ.