പുതിയ ചിത്രം ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തിയ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം അവിടെ കുടുങ്ങിയ വിവരം രണ്ടാഴ്ച മുന്‍പ് വാര്‍ത്തയായിരുന്നു. ജോര്‍ദ്ദാനിലെ വാദിറം മരുഭൂമിയില്‍ നടന്നിരുന്ന ചിത്രീകരണം നിലവിലെ സാഹചര്യത്തില്‍ തുടരാനാവില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. അവര്‍ക്ക് ഭക്ഷണത്തിനോ താമസത്തിനോ വിസാ സംബന്ധമായ കാര്യങ്ങളിലോ ബുദ്ധിമുട്ടുണ്ടാവാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പൃഥ്വിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അവസ്ഥ വിശദീകരിച്ച് രംഗത്തെത്തിയത് പൃഥ്വിരാജ് ആയിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജോര്‍ദ്ദാനില്‍ നിന്ന് സംവിധായകന്‍ ബ്ലെസി.

ഈസ്റ്റര്‍ ആശംസകളാണ് ബ്ലെസി പങ്കുവച്ചിരിക്കുന്നത്. ഈസ്റ്റര്‍ വിഭവങ്ങള്‍ക്കൊപ്പം ചിരിച്ച മുഖത്തോടെ നില്‍‌ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പമാണ് ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ. തിരിച്ചുള്ള ആശംസകള്‍ക്കൊപ്പം സിനിമാസംഘം ജോര്‍ദ്ദാനില്‍ സുരക്ഷിതരാണോ എന്ന ആശങ്കയും കമന്‍റ് ബോക്സില്‍ ചിലര്‍ പങ്കവെക്കുന്നുണ്ട്.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലെസി ഒരു ഫീച്ചര്‍ സിനിമ സംവിധാനം ചെയ്യുന്നത്. ശ്വേത മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കളിമണ്ണ് ആണ് അദ്ദേഹം ഇതിനുമുന്‍പ് സംവിധാനം ചെയ്‍ത ചിത്രം. ഇതിനിടെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്തയെക്കുറിച്ചുള്ള 100 ഇയേഴ്‍സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്‍ററിയും ബ്ലെസി ഒരുക്കിയിരുന്നു. 48 മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി ഗിന്നസ് ബുക്കിലും ഇടംപിടിച്ചിരുന്നു.