ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'രൂപ' എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ് താരം ഗോവിന്ദ
തൊണ്ണൂറുകളില്‍ ഹിന്ദി സിനിമാപ്രേമികളെ അത്രത്തോളം രസിപ്പിച്ച താരങ്ങളിലൊരാളായിരുന്നു ഗോവിന്ദ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സിനിമയില്‍ സജീവമല്ല. 2019 ല്‍ ഡബിള്‍ റോളില്‍ എത്തിയ രംഗീല രാജയാണ് ഗോവിന്ദയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഗോവിന്ദ. രൂപ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാണി സ്വന്‍കര്‍ എന്ന പുതുമുഖമാണ് നായികയാവുന്നത്. നായകനാവുന്നതിനൊപ്പം ചിത്രം നിര്‍മ്മിക്കുന്നതും ഗോവിന്ദയാണ്. ഏറെ ആവേശത്തോടെയാണ് സിനിമ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദ സംസാരിച്ചത്.
തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് വികാരഭരിതനായാണ് ഗോവിന്ദ മറുപടി പറഞ്ഞത്. “എന്നെ പലകുറി ആളുകള്‍ എഴുതിത്തള്ളിയിട്ടുണ്ട്. അത് വിധി ആയിരിക്കാം. ഇയാളെ ഇനി സിനിമകളില്‍ കാണാനാവില്ലെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ അപ്പോഴൊക്കെയും പുതിയ തുടക്കം നടത്തിയിട്ടുണ്ട്. ഞാന്‍ എന്താണ ഭാവനയില്‍ കണ്ടത്, ഈ സിനിമ അത് നേടിയെടുക്കട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കാത്ത ഒന്ന്. ആ സിനിമ അതിന്‍റെ മാജിക് പ്രവര്‍ത്തിക്കട്ടെ”, ഗോവിന്ദയുടെ വാക്കുകള്‍.
യുവ പ്രേക്ഷകരെയാണ് ചിത്രം ലക്ഷ്യം വെക്കുന്നതെന്നും ഗോവിന്ദ പറഞ്ഞു. “ഈ സിനിമ ശരിക്കും യുവാക്കള്‍ക്ക് വേണ്ടിയുള്ളതാണ്. അവര്‍ ഇത് തിയറ്ററില്‍ കാണുമ്പോള്‍ അവരെ ഇത് സ്വപ്നം കാണാനും കാണുന്ന സ്വപ്നം യാഥാര്‍ഥ്യമാവുമെന്ന് വിശ്വസിക്കാന്‍ പ്രചോദിപ്പിക്കുമെന്നും ഞാന്‍ കരുതുന്നു”. ന്യൂമറോളജിയിലും ജോത്സ്യത്തിലുമൊക്കെ വിശ്വാസമുള്ള ആളാണ് ഗോവിന്ദ. 14 എന്ന അക്കത്തിന് താന്‍ ജീവിതത്തില്‍ കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
“14 എന്നത് എക്കാലത്തും എന്‍റെ ഭാഗ്യ സംഖ്യ ആയിരുന്നു. സംഖ്യാശാസ്ത്രത്തില്‍ വിശ്വാസമുള്ള ആളാണ് ഞാന്‍. എന്‍റെ പേര് പോലും അതിനെ ആസ്പദമാക്കിയുള്ളതാണ്. എനിക്ക് 14 വയസ് ഉള്ളപ്പോഴാണ് അതില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്. ദൈവാനുഗ്രഹത്താല്‍ ഒറ്റയാഴ്ച കൊണ്ട് 14 സിനിമകളില്‍ കരാര്‍ ഒപ്പിടാന്‍ എനിക്ക് സാധിച്ചു. 14 വര്‍ഷം ഞാന്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. പിന്നീട് ഞാന്‍ ലോക്സഭാംഗം ആയത് 14-ാം ലോക്സഭയില്‍ ആയിരുന്നു. സിനിമയില്‍ ഇടവേളയ്ക്ക് ശേഷം 14 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ തിരിച്ചെത്തിയത്. ഇത്തവണ പക്ഷേ മറ്റൊരു അഞ്ച് വര്‍ഷം കൂടി കാത്തിരിക്കാന്‍ എനിക്ക് വയ്യ. ഇതൊരു പുതിയ യാത്രയുടെ തുടക്കമാണ്”, ഗോവിന്ദ പറഞ്ഞു.

