വിജയ് ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങുകയാണ്
ഫെസ്റ്റിവല്‍ സീസണുകളിലും മറ്റും ഉണ്ടാവാറുള്ള ക്ലാഷ് റിലീസുകള്‍ ഇന്‍ഡസ്ട്രിക്കും പ്രേക്ഷകര്‍ക്കുമൊക്കെ ആവേശമാണ് പകരാറ്. പലപ്പോഴും സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ എത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ ആരാവും വിജയിയെന്ന പ്രവചനങ്ങളും നടക്കാറുണ്ട്. ഇപ്പോഴിതാ ആ രീതിയില്‍ അല്ലെങ്കിലും മറ്റൊരു തരത്തില്‍ കൗതുകം പകര്‍ന്നിരുന്ന ഒരു ക്ലാഷ് റിലീസ് സാധ്യത ഒഴിവായിരിക്കുകയാണ്. മലയാളത്തിലല്ല, തമിഴ് സിനിമയിലാണ് അത്. ആറ് മാസമായി പെട്ടിയിലിരിക്കുന്ന വിജയ് ചിത്രം ജനനായകനും വിജയിന്‍റെ മകന്‍ ജേസണ്‍ സഞ്ജയിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ സിഗ്മയും തമ്മില്‍ സംഭവിക്കാമായിരുന്ന ക്ലാഷ് റിലീസ് ആണ് ഇപ്പോള്‍ ഒഴിവായിരിക്കുന്നത്.
ജനുവരി 9 ന് പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്ന ജനനായകന്‍ ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. സെന്‍സര്‍ പ്രതിസന്ധിയായിരുന്നു കാരണം. അതെല്ലാം പരിഹരിച്ച് റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം ഈ മാസം 24 ന് തിയറ്ററുകളില്‍ എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍. അതേസമയം ജേസണിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ സിഗ്മയുടെ നേരത്തെ തീരുമാനിച്ചിരുന്ന റിലീസ് തീയതി ജൂലൈ 31 ആയിരുന്നു. അതായത് ജനനായകന്‍റെ പറയപ്പെടുന്ന റിലീസ് തീയതിയുടെ കൃത്യം അടുത്ത ആഴ്ച. എന്നാല്‍ ഇതേ കാരണത്താല്‍ സിഗ്മയുടെ റിലീസ് നിര്‍മ്മാതാക്കള്‍ ഓഗസ്റ്റിലേക്ക് നീട്ടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വിജയ് അഭിനയിച്ച അവസാന ചിത്രമായാണ് ജനനായകന്‍ പരിഗണിക്കപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പും ചിത്രത്തിന് ഉണ്ടായിരുന്നു. എന്നാല്‍ റിലീസ് നീണ്ടുപോയത് ആ ആവേശത്തെ കുറച്ചിട്ടുണ്ട്. അതേസമയം ചിത്രം ഇനിയെങ്കിലും കാണാനാവുമെന്ന വാര്‍ത്തയെ പോസിറ്റീവ് ആയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം വിജയ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോഴാണ് ഒടുവില്‍ തിയറ്ററുകളില്‍ എത്തുന്നത് എന്നത് കൗതുകകരമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. അതേസമയം സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയുമാണ് സിഗ്മയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി കെ എം തമിഴ് കുമരനാണ് സിഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

