ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കുറിച്ച് നടി സെറീന ഖാന്റെ വാക്കുകള്‍.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാൻ ഖാൻ. സെറീന ഖാൻ സല്‍മാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ പുതുതായി ചര്‍ച്ചയാക്കുന്നത്. സല്‍മാൻ ഖാനെ ഭയപ്പാടോടു കുടിയാണ് ആദ്യം കണ്ടിരുന്നതെന്ന് വ്യക്തമാക്കുന്നു സെറീന ഖാൻ. എന്നാല്‍ അത് മനസ്സിലാക്കിയ സല്‍മാൻ തന്നോട് പിന്നീട് സൗഹാര്‍ദപൂര്‍വം ഇടംപെട്ടിരുന്നു എന്നും പറയുന്നു സെറീന ഖാൻ.

സല്‍മാൻ ഖാൻ നായകനായ വീറിലൂടെയാണ് ബോളിവുഡില്‍ നടിയായി സെറീന ഖാൻ അരങ്ങേറിയത്. വീര്‍ ചീത്രീകരിക്കുമ്പോള്‍ നടന്ന സംഭവങ്ങളെ കുറിച്ചാണ് നടി സെറീന ഖാൻ വിവരിക്കുന്നത്. ഷൂട്ടിംഗിന്റെ വിശ്രമവേളയില്‍ അദ്ദേഹം വീര്‍ സിനിമയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് ഇരിക്കുമായിരുന്നു എന്ന് പറയുന്നു സെറീന ഖാൻ. ഞാൻ അദ്ദേഹത്തെ തുറിച്ച് നോക്കിയപ്പോള്‍ എന്ത് സംഭവിച്ചു എന്ന് നടൻ എന്നോട് ചോദിക്കുകയും ചെയ്‍തു. അദ്ദേഹത്തിന്റെ മുന്നിലാണ് ഇരിക്കുന്നത് എന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു എന്റെ മറുപടി. സിനിമയില്‍ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. എന്റെ കുടുംബം കടുത്ത ആരാധകരാണെന്നും പറഞ്ഞു എന്നും സെറീന ഖാൻ വ്യക്തമാക്കുന്നു.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 339 കോടി ഇന്ത്യയില്‍ മാത്രം നേടി.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: പ്രേമലു നായിക വീണ്ടും തമിഴ് ചിത്രത്തില്‍, ഹിറ്റ് യുവ നായകന്റെ ജോഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക