പ്രശസ്ത ബാസ്കറ്റ് ബോൾ താരം കോബി ബ്രയന്റും മകൾ ​ഗിയാനയും ഹെലികോപ്പ്റ്റർ അപകടത്തിൽ‌ കൊല്ലപ്പെട്ട വാർത്തയാണ് തന്നെ കരയിപ്പിച്ചതെന്ന് ദിയ മിർസ പറഞ്ഞു. 

ജയ്പൂർ: ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം ദിയ മിർസ. സഹാനുഭൂതിയില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും കണ്ണീർ പൊഴിക്കാൻ ഭയക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു ദിയ വേദിയിൽ പൊട്ടിക്കരഞ്ഞത്. എല്ലാത്തിന്റേയും പൂർണ്ണ വ്യാപ്തി അനുഭവിക്കണമെന്നും ഇത് അഭിനയമല്ലെന്നും താരം കൂട്ടിച്ചേർത്തു.

പ്രശസ്ത ബാസ്കറ്റ് ബോൾ താരം കോബി ബ്രയന്റും മകൾ ​ഗിയാനയും ഹെലികോപ്പ്റ്റർ അപകടത്തിൽ‌ കൊല്ലപ്പെട്ട വാർത്തയാണ് തന്നെ കരയിപ്പിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരമായിരുന്ന കോബ് ബ്രയാന്റ് കൊല്ലപ്പെട്ട വാര്‍ത്ത താൻ അറിയുന്നത്. അത് തന്നെ വല്ലാതെ അസ്വസ്ഥയാക്കി. തന്റെ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമായി. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് താനെന്നും ദിയ പറഞ്ഞു.

Scroll to load tweet…

തിങ്കളാഴ്ച നടന്ന കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദിയ മിർസ. വേദിയിൽവച്ച് വിതുമ്പിക്കരയുന്നതിനിടെ അവതാരിക പേപ്പര്‍ നാപ്കിന്‍ കൊടുത്തെങ്കിലും ദിയ വാങ്ങൻ വിസമ്മതിക്കുകയായിരുന്നു. തനിക്ക് പേപ്പർ നാപ്കിൻ വേണ്ടെന്ന് പറഞ്ഞ് കൈകൊണ്ട് കണ്ണീർ തുടച്ച ദിയയ്ക്ക് വൻ കയ്യടിയായിരുന്നു സദസ്സിൽനിന്ന് ലഭിച്ചത്.

Read More: ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്‍റും മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു

ഞായറാഴ്ചയാണ് കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമായിരുന്ന കോബ് ബ്രയാന്റും അദ്ദേഹത്തിന്റെ 13 വയസുള്ള മകള്‍ ഗിയാന മരിയയും കൊല്ലപ്പെട്ടത്. കോബവും ​ഗിയാന്നയും ഉൾപ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കനത്ത മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർ‌ട്ട്.