കലബസാസ്(കാലിഫോര്‍ണിയ): പ്രശസ്ത ബാസ്കറ്റ് ബോൾ താരം കോബി ബ്രയന്‍റ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരിച്ചു. കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തിലാണ് എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ് ബോള്‍ താരമായി കണക്കാക്കുന്ന കോബി ബ്രയന്‍റ്  കൊല്ലപ്പെട്ടത്. നാല്‍പത്തിയൊന്നുകാരനായ കോബിക്കൊപ്പം പതിമൂന്നുകാരിയായ മകള്‍ ജിയാന്നയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ചയാണ് കായിക ലോകത്തിന് തീരാ നഷ്ടമുണ്ടാക്കിയ അപകടമുണ്ടായത്. പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്കറ്റ് ബോള്‍ ടീമായ ലേക്കേഴ്സിന് വേണ്ടി കളിച്ച 20 സീസണുകളില്‍ 18ലും കോബിയായിരുന്നു താരം. അഞ്ച് ചാമ്പ്യന്‍ഷിപ്പുകളില്‍ കപ്പുയര്‍ത്താന്‍ ലേക്കേഴ്സിനെ നയിച്ചതും കോബിയായിരുന്നു. എന്‍ബിഎയുടെ ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഗെയിം ടോട്ടല്‍ സ്വന്തമാക്കിയത് കോബിയായിരുന്നു.

Kobe Bryant and his daughter Gianna.

2008, 2012 ഒളിംപിക്സില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണമെഡലും കോബി നേടിയിട്ടുണ്ട്. 2007-2008 കാലഘട്ടത്തിലെ എന്‍ബിഎ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി. എന്‍ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍ നേട്ടം കോബിയുടെ പേരിലാണ്. 

Kobe Bryant, an 18-time All-Star and five-time N.B.A. champion, playing against Utah Jazz in 2016.

ബാസ്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.  സികോര്‍സ്കിയിലേക്ക് തിരിച്ചതായിരുന്നു കോബിയും മകള്‍ ജിയാന്നയും. ബാസ്‍കറ്റ്ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കോബി ബ്രയന്‍റിനെ ഉള്‍പ്പെടുത്താനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതിനിടയ്‍ക്കാണ് താരത്തിന്‍റെ മരണം. 1991 ല്‍ നിര്‍മ്മിതമായ എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

Kobe Bryant.

കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് മണിയോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. 2016ലാണ് കോബി ബാസ്കറ്റ് ബോളില്‍ നിന്ന് വിരമിച്ചത്. 2011ല്‍ വിവാഹിതനായ താരത്തിന് ജിയാന്ന അടക്കം നാലുപെണ്‍മക്കളാണുള്ളത്.