മുംബൈ: ബോളിവുഡ് സിനിമാ, സീരിയല്‍ നടി വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാ സിന്‍ഹയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

മോഡലായി കരിയര്‍ ആരംഭിച്ച വിദ്യാ സിന്‍ഹ 18-ാമത്തെ വയസ്സിലാണ് സിനിമയിലേക്ക് എത്തുന്നത്. 1974 -ല്‍ പുറത്തിറങ്ങിയ 'രാജ കാക'യായിരുന്നു ആദ്യ ചിത്രം. 'രാജ്നിഗന്ധ'യില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. ഏകദേശം 198 -ഓളം ചിത്രങ്ങളില്‍ അഭിനയിച്ച വിദ്യാ സിന്‍ഹ 'ജീവ' എന്ന ചിത്രത്തിന് ശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് 2011- ല്‍ സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബോഡിഗാര്‍ഡിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.  നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.