നാല് വർഷത്തെ ഇടവേളക്ക് ശേഷം ആമിര്‍ ഖാന്‍ ഒരു സിനിമയുമായെത്തുമ്പോൾ ബോളിവുഡ് വ്യവസായമേഖല സന്തോഷത്തിലായിരുന്നു

ബഹിഷ്കരിക്കൽ ആണ് ബോളിവുഡിൽ പുതിയ ട്രെൻഡ്. ഒരു സിനിമ കാണരുത്, കണ്ടുപോകരുത് എന്ന് ഒരു തിരി കൊളുത്തിവിട്ടാൽ മതി. മാലപ്പടക്കം പോലെ പിന്നെ അത് കത്തി, പൊട്ടിക്കൊണ്ടേയിരിക്കും. എന്തിനാ അത് എന്നാരും ചോദിക്കരുത്. ചോദിച്ചാൽ അതുപിന്നെ, അടുത്ത മാലപ്പടക്കത്തിന് തിരി കൊളുത്തും. അങ്ങനെ ബോളിവുഡ് എന്ന വലിയ സിനിമാപ്പറമ്പാകെ പടക്കമാല ആകും. ഉത്സവപ്പറമ്പിനേക്കാൾ പൊട്ടലും ചീറ്റലുമാകും. 

ആമിര് ഖാന് നായകനായ പുതിയ ചിത്രം ലാൽ സിങ് ഛദ്ദ ബഹിഷ്കരണമാണ് ഇപ്പോൾ ലേറ്റസ്റ്റ് ന്യൂസ്. വാർത്ത പുതിയതെങ്കിലും കാരണം കുറച്ച് പഴയതാണ്. ഏഴ് വർഷം മുമ്പ് ടെലിവിഷൻ പരിപാടിയിൽ സഹിഷ്ണുതയെ പറ്റി നടത്തിയ പരാമർശമാണ് ഛദ്ദയെ ഓടിക്കണമെന്ന ആഹ്വാനത്തിന് കാരണം. നാട്ടിൽ കാണുന്ന അസഹിഷ്ണുതയുടെ പല സംഭവങ്ങളും കാണുമ്പോൾ നിരാശയും അമർഷവും വേദനയും തോന്നുന്നുവെന്നായിരുന്നു ആ പരാമർശം. ഇന്നാടിനെ കുറിച്ചും ഇന്നാട്ടുകാരെ കുറിച്ചും ബഹുമാനമോ മതിപ്പോ ഇല്ലാത്ത ഒരാളുടെ സിനിമ കാണരുത് എന്നാണ് ആഹ്വാനം. ആമിര്‍ ഖാന്‍റെ രാജ്യസ്നേഹമില്ലായ്മക്ക് തെളിവായി തുർക്കി പ്രഥമവനിതയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പാകിസ്ഥാനെ തുർക്കി പണ്ട് പിന്തുണച്ചത് ഓർമിപ്പിച്ചായിരുന്നു ഇത്. ചൈനയിൽ ദംഗലും സീക്രട്ട് സൂപ്പർ സ്റ്റാറും വൻവിജയമായതും അമീർഖാന് എതിരായ ആയുധങ്ങളായി. 

ഇതിനിടയിൽ കേന്ദ്രസർക്കാരിന്റെ ബോളിവുഡ് പോസ്റ്റർ ബോയ് എന്നറിയപ്പെടുന്ന അക്ഷയ്കുമാറിന്റെ പുതിയ സിനിമയും ബഹിഷ്കരണ ആഹ്വാനത്തിന്റെ തിരിച്ചടി നേരിട്ടത് വേറിട്ട കാഴ്ചയായി. പ്രതിഷേധം നായകനോട് ആയിരുന്നില്ലെന്ന് മാത്രം. രചയിതാവായ കനിക ധില്ലന്റെ നാലുവർഷം മുമ്പുള്ള ഗോമാതാ ട്വീറ്റ് ആണ് ഇതിന് കാരണമായത്. ഇവിടംകൊണ്ടും തീർന്നില്ല. ഛദ്ദ നല്ല സിനിമയാണെന്നും കാണണമെന്നും പറഞ്ഞ ഹൃത്വിക് റോഷനും നേരിടുന്നു ബഹിഷ്കരണ ആഹ്വാനം. റിലീസിന് തയ്യാറെടുക്കുംമുമ്പ് തന്നെ വിക്രം വേദയുടെ അണിയറക്കാർ ആശങ്കയിലാണ്. ഇതേ പേരിലെത്തിയ തമിഴ് ചിത്രത്തിന്‍റെ ബോളിവുഡ് റീമേക്കില്‍ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് പ്രധാന താരങ്ങള്‍.

നാല് വർഷത്തെ ഇടവേളക്ക് ശേഷം ആമിര്‍ ഖാന്‍ ഒരു സിനിമയുമായെത്തുമ്പോൾ ബോളിവുഡ് വ്യവസായമേഖല സന്തോഷത്തിലായിരുന്നു. കൊവിഡ് കഴിഞ്ഞിട്ടും മൊത്തത്തിൽ ക്ഷീണം മാറാത്ത സിനിമക്ക് ഒരു ഉഷാറ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു കാരണം. മൊഴിമാറ്റിയെത്തുന്ന ദക്ഷിണേന്ത്യൻ സിനിമകൾ തീയേറ്ററിൽ ആളെ കൂട്ടുമ്പോൾ കശ്മീർ ഫയൽസ്, ഭൂൽ ഭുലയ്യ 2, ഗംഗുബാട് കത്തിയവാഡി തുടങ്ങി വളരെ കുറച്ച് ഹിന്ദി സിനിമകളാണ് ഇക്കൊല്ലം ഇതുവരെ ഹിറ്റായത്. മേഖലക്കാകെ ഛദ്ദ ഉണർവ് കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ബഹിഷ്കരണാഹ്വാനത്തോടെ തെറ്റിയത്. നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾക്കാണ് നിറംകെടുന്നത്.

ബഹിഷ്കരണം കാരണം സിനിമക്കാർ നട്ടംതിരിയുന്നത് ഇത് നടാടെയല്ല. റായീസ് എന്ന സിനിമയിൽ രാഹുൽ ധൊലാകിയ നേരിട്ട പ്രശ്നം പാകിസ്ഥാൻകാരിയെ നായികയാക്കിയത് ആയിരുന്നു. ഫയറിൽ ദീപാമേത്ത അരുതാത്തത് പറഞ്ഞെന്നും കാണിച്ചെന്നും ആയിരുന്നു പ്രതിഷേധക്കാരുടെ പരാതി. രജപുത്ര റാണിയെ മോശമാക്കി, ഖിൽജിയെ വികലമാക്കി തുടങ്ങി പ്രതിഷേധങ്ങളുടെ ഘോഷയാത്രയായിരുന്നു പദ്മാവതി സിനിമയുടെ ചിത്രീകരണസ്ഥലത്തേക്കും അണിയറപ്രവത്തപകർക്ക് നേരെയുമൊക്കെ. അനിശ്ചിതാവസ്ഥയുടെ നീണ്ട നാളുകൾക്ക് ശേഷം പേരും മാറ്റിയാണ് സിനിമ ഒടുവിൽ തീയേറ്ററിലെത്തിയത്. ജോധ അക്ബർ സിനിമയും ഇതിന് മുമ്പ് രാജസ്ഥാൻ ക‍ർണി സേനയുടെ പ്രതിഷേധം നേരിട്ടിരുന്നു. ബോംബെ സിനിമ പ്രദർശിപ്പിക്കാൻ മണിരത്നവും കൂട്ടരും ബാൽ താക്കറെയെ നേരിട്ട് കണ്ടത് ബഹിഷ്കരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും കുറച്ചുകൂടി പഴയ കഥ.

പ്രാദേശിക വികാരപ്രക്ഷോഭങ്ങളും സദാചാരബോധവത്കരണവും വിഷയസൂചികയായ ബഹിഷ്കരണപ്രതിഷേധപുസ്തകത്തിൽ അടുത്തിടെ പുതിയൊരു വിഷയവും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിൽ വ്യതിയാനങ്ങൾ ഒരു പക്ഷത്തേക്ക് മാത്രമേ പാടൂ എന്ന ഓർമപെടുത്തലാണത്. സഹിഷ്ണുതയെ പറ്റിയായാലും ചരിത്രം ഓർമപെടുത്തലായാലും സർക്കാർ വിമർശനത്തിന് വലിയ വില കൊടുക്കേണ്ടിവരും എന്ന മുന്നറിയിപ്പാണ് ഏറ്റവും പുതിയ ബഹിഷ്കരണവും അതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നവർ ഉപയോഗിക്കുന്ന ഭാഷയും രീതിയുമെല്ലാം പറയുന്നത്.

രാജ്യസ്നേഹമില്ലാത്ത ആമിര്‍ ഖാനെ പോലെയുള്ളവരുടെ സിനിമകൾ തോൽപ്പിക്കണം, എന്നാലേ ഇവരൊക്കെ പാഠം പഠിക്കൂ എന്നാണ് കർണി സേന നേതാവ് സുർജീത് സിങ് റാത്തോഡ് പറഞ്ഞത്. ആരും ഇത്തരക്കാരുടെ സിനിമകൾക്ക് പണം മുടക്കരുതെന്നും സിനിമാ നിർമാതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. പണ്ട് നമ്മൾ പറഞ്ഞ വാക്കുകൾ നമ്മെ വേട്ടയാടാൻ പിന്നാലെ എത്തുമെന്ന് പറഞ്ഞത് ആമിര്‍ ഖാനൊപ്പം ഒട്ടേറെ സിനിമകളിൽ വേഷമിട്ട അനുപം ഖേ‌ർ. സിനിമ എന്നത് നായകന്റേത് മാത്രമല്ലെന്നും നൂറുകണക്കിന് ആളുകൾക്ക് വേതനം നൽകുന്ന ഒരു വ്യവസായമേഖല കൂടിയാണെന്നും ഓർമിക്കാത്തവരുടെ കൂട്ടത്തിൽ ആ മേഖലയിൽ ജോലി ചെയ്യുന്നവർ കൂടിയുണ്ട്. അതാണ് കഷ്ടം.
എന്തായാലും ലാൽ സിങ് ഛദ്ദ പരാജയപ്പെട്ടു, ആളെ കൂട്ടാനും പണമുണ്ടാക്കാനും. 180 കോടി ബജറ്റിൽ വാനോളം പ്രതീക്ഷയുമായി എത്തിയ സിനിമ ഏഴുദിവസം പിന്നിട്ടപ്പോൾ 50 കോടി തികച്ചില്ല. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ പുനർവായന എന്ന നിലയിൽ സിനിമ നന്നായോ എന്ന ചർച്ചക്ക് പോലും വേണ്ട സമയം കിട്ടിയില്ല. പൊളിഞ്ഞത് ആമിര്‍ ഖാന്‍ എന്ന താരബിംബമല്ല. മറിച്ച് ആ സിനിമക്ക് പിന്നാലെ മെച്ചപ്പെട്ട ജോലിയവസരങ്ങൾ പ്രതീക്ഷിച്ചിരുന്ന നൂറുകണക്കിന് സാദാ സിനിമാ ജോലിക്കാരുടെ സ്വപ്നങ്ങളാണ്.