ന്യൂമോണിയ ബാധയെത്തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം

ബോളിവുഡിന്‍റെ ഇതിഹാസതാരത്തിന് ആദരാഞ്ജലികളുമായി സിനിമാലോകം. അമിതാഭ് ബച്ചനും ഹന്‍സാല്‍ മെഹ്‍തയും സണ്ണി ഡിയോളും തുടങ്ങി സോഷ്യല്‍ മീഡിയയില്‍ സജീവമായ ബോളിവുഡിലെ പ്രധാനികളൊക്കെ ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്. ശബാന ആസ്‍മി അടക്കം ചിലര്‍ നേരിട്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദിലീപ് കുമാറിന്‍റെ വീട്ടില്‍ എത്തിയിട്ടുണ്ട്.

Scroll to load tweet…

'ഇന്ത്യന്‍ സിനിമയിലെ ഒരു സ്ഥാപനം' എന്നാണ് അമിതാഭ് ബച്ചന്‍ ദിലീപ് കുമാറിനെ വിശേഷിപ്പിച്ചത്. "ഇന്ത്യന്‍ സിനിമയുടെ ചരിത്രം എപ്പോള്‍ എഴുതപ്പെട്ടാലും, അത് ദിലീപ് കുമാറിനു മുന്‍പ്-ശേഷം എന്നിങ്ങനെയാവും. അദ്ദേഹത്തിന് ആത്മശാന്തിക്കായും കുടുംബത്തിന് ഈ നഷ്‍ടം സഹിക്കാനുള്ള കരുത്തിനായും എന്‍റെ പ്രാര്‍ഥന. അഗാധമായ ദു:ഖമുണ്ട്. ഇതിഹാസ സമാനമായ ഒരു കാലഘട്ടത്തിനാണ് അവസാനമായിരിക്കുന്നത്. ഇനി ഒരിക്കലും സംഭവിക്കാത്ത ഒന്ന്", അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

"അനശ്വരനായ ഒരു നടന്‍, ഇതിഹാസതുല്യനായ ഒരു സൂപ്പര്‍താരം, പല തലമുറയിലെ കലാകാരന്മാര്‍ക്ക് പ്രചോദനം. മാധ്യമത്തെ പുനര്‍രചിച്ചതിന് നന്ദി, ഇന്ത്യന്‍ സിനിമയ്ക്ക് കീര്‍ത്തിയും അഭിമാനവും സമ്മാനിച്ചതിനും. ആത്മശാന്തി നേരുന്നു ദിലീപ് കുമാര്‍ സാബ്", എന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ട്വീറ്റ്.

Scroll to load tweet…

"മഹാന്‍, ഇനി ഒരു ദിലീപ് കുമാര്‍ ഉണ്ടാവില്ല", എന്നാണ് ഹന്‍സാല്‍ മെഹ്തയുടെ ട്വീറ്റ്. "ഇതിഹാസങ്ങള്‍ എവിടെയും പോവില്ല, അവര്‍ തങ്ങളുടെ വേദി മാറ്റുക മാത്രമാണ് ചെയ്യുന്നത്. ത്മശാന്തി നേരുന്നു ദിലീപ് കുമാര്‍ സാര്‍", സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ന്യൂമോണിയ ബാധയെത്തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാറിന്‍റെ അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona