ഒന്നര മാസത്തിനുള്ളില്‍ തങ്ങളെ തേടിയെത്തുന്ന മൂന്നാമത്തെ മരണവാര്‍ത്തയുടെ ആഘാതത്തിലാണ് ബോളിവുഡ്. ഏപ്രില്‍ 29നായിരുന്നു ഇര്‍ഫാന്‍ ഖാന്‍റെ മരണം. തൊട്ടുപിറ്റേന്ന് ഋഷി കപൂറും അന്തരിച്ചു. എന്നാല്‍ ഇരുവരും രോഗത്തെ തുടര്‍ന്നുള്ള ചികിത്സകളിലായിരുന്നു. അതിനാല്‍ത്തന്നെ ആ മരണവാര്‍ത്തകള്‍ സൃഷ്ടിക്കാത്ത തരത്തിലുള്ള ആഘാതം സുശാന്ത് സിംഗിന്‍റെ മരണം ബോളിവുഡ് സിനിമാപ്രവര്‍ത്തകരില്‍ സൃഷ്ടിച്ചിട്ടുണ്ട്.

"സുശാന്തിനെക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോഴാണ് കേട്ടത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നു. ദൈവം അവര്‍ക്കു ശക്തി നല്‍കട്ടെ. ഈ വാര്‍ത്ത ഉള്‍ക്കാള്ളാന്‍ എനിക്കിപ്പോഴും ബുദ്ധിമുട്ടുണ്ട്", എന്നാണ് ഷാഹിദ് കപൂറിന്‍റെ ട്വീറ്റ്.

"ബോളിവുഡ് ഇത്രകാലം അനുഭവിച്ചതില്‍ ഏറ്റവും ഞെട്ടിക്കുന്ന ഒന്ന് ഇതായിരിക്കും. വളരെ ചെറുപ്പം. ഒരുപാട് ജീവിതം മുന്നിലുണ്ടായിരുന്നിട്ടും എന്തിനിതു ചെയ്തു", സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

"വളരെ വേദനയും ഞെട്ടലുമുണ്ടാക്കിയ വാര്‍ത്ത. ഒരു ദുരന്തമാണ് ഇത്. വളരെ ചെറുപ്പവും ഏറെ കഴിവുള്ള ആളുമായിരുന്നു. ഒരുപാടു ദൂരം പിന്നിടാനുമുണ്ടായിരുന്നു. വിശ്രമിക്കുക പ്രിയ സുശാന്ത്", രവീണ ടണ്ഡന്‍ ട്വിറ്ററില്‍ കുറിച്ചു.