ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍. ജാമിയ മില്ലിയ, അലിഗഡ് മുസ്ലിം സര്‍വ്വകലാശാല, എന്നിവ ഉള്‍പ്പെടെയുള്ള ക്യാമ്പസ്സുകളിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അനുകൂലിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചും നിരവധി ബോളിവുഡ് താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ആയുഷ്മാന്‍ ഖുറാന, രാജ്കുമാര്‍ റാവു, തപ്സി പന്നു, പരിനീതി ചോപ്ര, മനോജ് ബാജ്പേയ്, ആലിയ ഭട്ട് എന്നിവര്‍ ട്വിറ്ററിലൂടെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം അറിയിച്ചു. 

വളരെയധികം അസ്വസ്ഥനാണെന്നാണ് ആയുഷ്മാന്‍ ഖുറാന പ്രതികരിച്ചത്.  വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പൊതുമുതല്‍ നശിപ്പിക്കുന്നതിന് കാരണമാകരുതെന്നും ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസിന്‍റെ നടപടിയെ അപലപിക്കുന്നെന്ന് രാജ്കുമാര്‍ റാവു പറഞ്ഞു. ഒരുതരത്തിലുള്ള അക്രമത്തെയും പിന്തുണയ്ക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുന്നെന്നുമാണ് റിതേഷ് ദേശ്മുഖിന്‍റെ പ്രതികരണം. 

നടിമാരായ ആലിയ ഭട്ട്, റിച്ച ചന്ദ എന്നിവരും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതായി അറിയിച്ചു.  ഭരണഘടനയുടെ ആമുഖം ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ചു കൊണ്ടാണ് ആലിയ ഭട്ട് പ്രതികരിച്ചത്. ബോളിവുഡ് താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് നടി സയാനി ഗുപ്ത വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.  നിശബ്ദനായിരിക്കാന്‍ ഇനി കഴിയില്ലെന്നും ഈ സര്‍ക്കാര്‍ തീര്‍ച്ഛയായും ഫാസിസ്റ്റ് ആണെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. 

അതേസമയം ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെ പ്രകീര്‍ത്തിച്ചുള്ള ട്വീറ്റില്‍ ലൈക്ക് ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അത് മനസിലായ ഉടന്‍ പോസ്റ്റ് അണ്‍ലൈക്ക് ചെയ്‌തെന്നുമുള്ള അക്ഷയ് കുമാറിന്‍റെ ട്വീറ്റ് വിവാദമായിരുന്നു.