ബോളിവുഡ് താരം സൽമാൻ ഖാനും അയൽവാസി കേതൻ കക്കദും തമ്മിലുള്ള വസ്തു തർക്കത്തിൽ ബോംബെ ഹൈക്കോടതി

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പുകളും വീഡിയോകളും ഡിലീറ്റ് ചെയ്യുന്നത് പരിഗണിക്കണമെന്ന് അദ്ദേഹത്തിന്‍റെ അയല്‍വാസിയായ കേതന്‍ കക്കദിനോട് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സല്‍മാന്‍ ഖാന്‍റെ പന്‍വേലിലുള്ള ഫാംഹൗസിന് സമീപത്താണ് കേതന്‍ കക്കദിന്‍റെ വസ്തു. താരം പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചുവെന്നും തന്‍റെ വസ്തുവിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നുമാണ് അയല്‍വാസിയുടെ ആരോപണം. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ ഇട്ട കേതന്‍ ചില യുട്യൂബ് ചാനല്‍ അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു. ഇതിനതിരെ സല്‍മാന്‍ ഖാന്‍ ഒരു മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിലാണ് കോടതിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേതന്‍ കക്കദിന്‍റെ പ്രസ്താവനകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ചില ഉള്ളടക്കങ്ങള്‍ വര്‍ഗീയമായ വികാരം ഉണര്‍ത്താന്‍ പര്യാപ്തമാണെന്നുമാണ് മാനനഷ്ടക്കേസില്‍ സല്‍മാന്‍ ഖാന്‍ ആരോപിച്ചത്. തനിക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ വിസമ്മതിച്ച സിവില്‍ കോടതി ഉത്തരവിനെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ ഹര്‍ജി ജസ്റ്റ്സ് ശര്‍മിള ദേശ്മുഖിന്‍റെ സിംഗിള്‍ ബെഞ്ച് ആണ് പരിഗണിച്ചത്. നിയമ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം നിയമ സ്ഥാപനങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ശര്‍മിള ദേശ്മുഖ് അഭിപ്രായപ്പെട്ടു. കേസിന്‍റെ വാദത്തിനിടെയാണ് കേതന്‍ കക്കദ് തന്‍റെ ആരോപണം സംബന്ധിച്ചുള്ള ട്വീറ്റുകളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും നീക്കണമെന്ന് ജസ്റ്റിസ് ദേശ്മുഖ് നിര്‍ദേശിച്ചത്.

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തുടര്‍ച്ചയായി പ്രചരിക്കുന്നതിലെ അതൃപ്തിയും കോടതി വെളിപ്പെടുത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ ഓണ്‍ലൈനില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് ശര്‍മിള ദേശ്മുഖ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ചില ഉള്ളടക്കങ്ങള്‍ മൂന്നാം കക്ഷികള്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടണം, കോടതി ആവശ്യപ്പെട്ടു.

തനിക്കെതിരെ അവാസ്തവവും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022 ജനുവരിയിലാണ് സല്‍മാന്‍ ഖാന്‍ കേതന്‍ കക്കദിനെതിരെ കോടതിയെ ആദ്യം സമീപിക്കുന്നത്. ഈ വിഷയത്തിലെ ഓണ്‍ലൈന്‍ ഉള്ളടക്കം വലിയ തോതില്‍ കാണികളെ നേടുന്നതായും കോടതി കണ്ടെത്തിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്