ഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ്  'പ്രതി പൂവൻകോഴി'. ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു അത്. ഇപ്പോഴിതാ മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ ചിത്രം അന്യഭാഷ റീമേക്കുകൾ വിറ്റ് പോയിരിക്കുകയാണ്. തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്.

ബോളിവുഡിലെ നിര്‍മാണ കമ്പനിയായ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനിയാണ് ബോണി കപൂര്‍ പ്രൊഡക്ഷന്‍സ്.

മാധുരി എന്ന സെയിൽസ് ഗേൾ ആയാണ് മഞ്ജു ചിത്രത്തിൽ എത്തിയത്. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ വില്ലനായി എത്തി എന്നതായിരുന്നു മറ്റൊരു പ്രത്യേകത. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍  ഗോകുലം ഗോപാലന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരും കഥാപാത്രങ്ങളായി എത്തി. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ചിത്രത്തിലെ ഗാനം ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിരുന്നു. പി.ജയചന്ദ്രനും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചത്.