ബോയപതി ശ്രീനുവാണ് ചിത്രത്തിന്‍റെ സംവിധാനം
തെലുങ്ക് സിനിമയില്‍ ഒട്ടേറെ സവിശേഷതകളുള്ള താരമാണ് ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണ. ഒരുകാലത്ത് മറുഭാഷാ സിനിമാപ്രേമികള്‍ക്കിടയില്‍ ബാലയ്യയും അദ്ദേഹത്തിന്‍റെ സിനിമകളും ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. വലിയ സാമ്പത്തിക വിജയമാണ് അദ്ദേഹം നായകനാവുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്നത്. കരിയറിലെ ആദ്യ 100 കോടി ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് അദ്ദേഹത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അഖണ്ഡ 2 ആണ് അത്. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം അഖണ്ഡയുടെ സീക്വല്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ ഇതിനകം ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോഴിയാ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിംഗ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
മഹാ കുംഭമേളയില്‍ വച്ചാണ് അഖണ്ഡ 2 ന്‍റെ ചിത്രീകരണം ബോയപതി ശ്രീനു ആരംഭിച്ചത്. സിനിമയ്ക്ക് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ ഇത് ഇടയാക്കി. അതേസമയം പിന്നീടുള്ള ലൊക്കേഷന്‍ ഹണ്ടിംഗും അതേപോലെ സിനിമാപ്രേമികളെ ആകര്‍ഷിക്കുന്നുണ്ട്. ഹിമാലയത്തിലെ ഏറെ ആകര്‍ഷകമായ ചില ലൊക്കേഷനുകള്‍ക്കായാണ് ബോയപതി ശ്രീനുവും സംഘവും തേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ ഇതുവരെ വന്നിട്ടില്ലാത്ത കാഴ്ചകളാവും ഇതിലൂടെ അഖണ്ഡ 2 ല്‍ എത്തുക. ചിത്രത്തിന്‍റെ കാഴ്ചാനുഭവത്തിന് മിഴിവ് പകരുന്നതില്‍ ഇത് കാര്യമായ പങ്ക് വഹിക്കുമെന്നാണ് സംവിധായകന്‍റെ പ്രതീക്ഷ.
മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തില്‍ ബാലയ്യയുടെ നായികയായി എത്തുന്നത്. ആദി പിനിസെട്ടി ഒരു നെഗറ്റീവ് റോളിലും വരുന്നു. നിരവധി പാന്‍ ഇന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ എത്തുമെന്നാണ് വിവരം. 14 റീല്‍സ് പ്ലസിന്‍റെ ബാനറില്‍ രാം അചണ്ടയും ഗോപി അചണ്ടയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍റേതാണ് സംഗീതം. സെപ്റ്റംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ALSO READ : എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം; 'കനോലി ബാന്‍റ് സെറ്റ്' പൂര്‍ത്തിയായി
