പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ സംപ്രേഷണം ചെയ്യുന്ന ഒരു മിനി സിരീസിലെ രംഗത്തെച്ചൊല്ലി ട്വിറ്ററില്‍ തര്‍ക്കം. പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സിരീസ് ആയ 'എ സ്യൂട്ടബിള്‍ ബോയ്'യിലെ രംഗത്തെച്ചൊല്ലിയാണ് രണ്ടു പക്ഷം പിടിച്ച് ട്വിറ്ററില്‍ ചര്‍ച്ചയും തര്‍ക്കവും ആരംഭിച്ചിരിക്കുന്നത്. സിരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്രപരിസരത്തു വച്ച് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടി നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്കരണാഹ്വാനം മുഴക്കുകയാണ് ഒരു വിഭാഗം. എന്നാല്‍ ഇത്തരമൊരു രംഗത്തിന്‍റെ പേരില്‍ നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരും ട്വിറ്ററില്‍ ഉണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്‍റെ അതേ പേരിലുള്ള മിനി സിരീസ് രൂപമാണ് 'എ സ്യൂട്ടബിള്‍ ബോയ്'. ബിബിസിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറില്‍ ജൂലൈ 26ന് ആദ്യം പ്രദര്‍ശനത്തിനെത്തിയ സിരീസ് മാസങ്ങള്‍ക്കിപ്പുറമാണ് നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം ആരംഭിച്ചത്. മൂല്യബോധങ്ങള്‍ തമ്മിലും തലമുറകള്‍ തമ്മിലുമുള്ള ഉരസലും കുടുംബത്തിനുള്ളിലെ അടിച്ചമര്‍ത്തല്‍, മതപരമായ മുന്‍വിധി തുടങ്ങി നിരവധി വിഷയങ്ങള്‍ സേഥിന്‍റെ നോവലും മീര നായരുടെ സിരീസും പരാമര്‍ശിച്ചുപോകുന്നുണ്ട്. പ്രസ്തുത രംഗം ഉള്‍പ്പെടെയാണ് ഒരു വിഭാഗം ട്വിറ്ററില്‍ #BoycottNetflix എന്ന ഹാഷ് ടാഗുമായി ക്യാംപെയ്‍ന്‍ നടത്തുന്നത്.

അതേസമയം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഈ മാസം 11ന് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിനിമ, ഡോക്യുമെന്‍ററി, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും. അതിന്‍റെ തുടക്കം എന്ന നിലയ്ക്കായിരുന്നു നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ്.