ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്

കൊവിഡിനു ശേഷം വന്‍ തകര്‍ച്ച നേരിട്ട ബോളിവുഡിന് മുന്നോട്ട് നീങ്ങാനുള്ള ആത്മവിശ്വാസം പകരുകയാണ് ബ്രഹ്‍മാസ്ത്ര നേടുന്ന വിജയം. അയന്‍ മുഖര്‍ജി സംവിധാനം ചെയ്‍ത ഫാന്‍റസി- ആക്ഷന്‍ ചിത്രം സെപ്റ്റംബര്‍ 9 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും സമീപകാലത്ത് മറ്റൊരു ബോളിവുഡ് സിനിമയ്ക്കും ലഭിക്കാത്ത ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ റിലീസിനു ശേഷമുള്ള രണ്ടാം ഞായറാഴ്ചയിലും ഇന്ത്യയിലെ ഭൂരിപക്ഷം സെന്‍ററുകളിലും ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സി ലഭിച്ചു.

ട്രേഡ് അനലിസ്റ്റ് സുമിത് കദേലിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍ ശനിയാഴ്ച കളക്ഷനില്‍ വെള്ളിയാഴ്ചയ അപേക്ഷിച്ച് 55 ശതമാനം വളര്‍ച്ച ഉണ്ടായി. 9-ാം ദിനമായ ശനിയാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 15 കോടിയാണെന്ന് സുമിത് പറയുന്നു. ശനിയാഴ്ച വരെയുള്ള ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 197.90 കോടിയാണ്. ഞായറാഴ്ച കളക്ഷനോടെ ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം 200 കോടി പിന്നിടും. 

Scroll to load tweet…

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കാണ് ഇത്. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

ALSO READ : തെലുങ്ക് 'ലൂസിഫറി'ന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായി