Asianet News MalayalamAsianet News Malayalam

'അങ്ങ് കാട്ടിയ മാജിക് ഞാന്‍ കണ്ടതാണ്'; 'ഭ്രമയുഗ'ത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് നിര്‍മ്മാതാവ്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്

bramayugam producer Chakravarthy Ramachandra thanks mammootty Night Shift Studios LLp nsn
Author
First Published Sep 16, 2023, 9:55 PM IST

മമ്മൂട്ടി നായകനായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് ഭ്രമയുഗം. പ്രേക്ഷകശ്രദ്ധ നേടിയ ഭൂതകാലം എന്ന ചിത്രമൊരുക്കിയ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. മലയാളത്തെ സംബന്ധിച്ച് പുതുമയാണ് ഇത്. 31 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഇന്ന് ചിത്രം പാക്കപ്പ് ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രയമുഗം. എക്സിലൂടെ ചക്രവര്‍ത്തി രാമചന്ദ്ര കുറിച്ചത് ഇങ്ങനെ- "നന്ദി മമ്മൂക്ക, എന്നെ വിശ്വസിച്ചതിനും ഭ്രമയുഗത്തിലൂടെ അങ്ങേയ്‍ക്കൊപ്പം മലയാളത്തിലെ എന്‍റെ ആദ്യ നിര്‍മ്മാണ സംരംഭത്തിനുള്ള അവസരം തന്നതിനും. ഈ ചിത്രത്തില്‍ അങ്ങ് കാട്ടിയ മാജിക് ഞാനും രാഹുലും കണ്ടതാണ്. മറക്കാനാവാത്ത ഈ അനുഭവം ഞങ്ങള്‍ മനസില്‍ എന്നും താലോലിക്കും. പ്രേക്ഷകര്‍ അത് ബിഗ് സ്ക്രീനില്‍ കാണുന്നതിനായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം".

ഒരു ദുര്‍മന്ത്രവാദിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്നും നാ​ഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഷെഹനാദ് ജലാല്‍ ആണ് ഛായാ​ഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനിം​ഗ് ജോതിഷ് ശങ്കർ.

ALSO READ : സര്‍പ്രൈസ്! 'വിക്ര'ത്തിന് ശേഷം കമല്‍ ഹാസന്‍റേതായി തിയറ്ററുകളിലെത്തുക ഈ ചിത്രം

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios