സര്‍പ്രൈസ്! 'വിക്ര'ത്തിന് ശേഷം കമല്‍ ഹാസന്‍റേതായി തിയറ്ററുകളിലെത്തുക ഈ ചിത്രം
പലയിടങ്ങളില്‍ പല പേരുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്

കമല്‍ഹാസന്‍റെ താരമൂല്യം തിരിച്ചുപിടിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ വിക്രം. കമലിന്‍റെ താരപ്രഭാവത്തെ പുതുകാലത്തിന് ചേര്‍ന്ന രീതിയില്‍ അവതരിപ്പിച്ചത് ലോകേഷ് കനകരാജ് ആയിരുന്നു. 2022 ലെ കോളിവുഡ് ഹിറ്റുകളില്‍ മുന്‍പന്തിയിലുമാണ് വിക്രം. വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ഒരുപിടി ശ്രദ്ധേയ പ്രോജക്റ്റുകളാണ് കമലിന്‍റേതായി എത്താനിരിക്കുന്നത്. ഷങ്കറിന്‍റെ ഇന്ത്യന്‍ 2, എച്ച് വിനോദിന്‍റെയും മണി രത്നത്തിന്‍റെയും സംവിധാനത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ചിത്രങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയിലും കമല്‍ ഹാസന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ വിക്രത്തിന് ശേഷം കമലിന്‍റേതായി തിയറ്ററുകളിലെത്തുക ഈ ചിത്രങ്ങളൊന്നുമല്ല!
36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലെത്തി വിജയം വരിച്ച മറ്റൊരു ചിത്രമാണ് അദ്ദേഹത്തിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്തുക. സിംഗീതം ശ്രീനിവാസ റാവുവിന്റെ സംവിധാനത്തില്‍ 1987 ല്‍ പ്രദര്‍ശനത്തിനെത്തിയ പുഷ്പക വിമാനം എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. കമല്‍ ഹാസന്‍റെ നിര്‍മ്മാണ കമ്പനി രാജ് കമല്‍ ഫിലിംസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിച്ച നിശബ്ദ സിനിമയാണ് മൂന്നര പതിറ്റാണ്ടിന് ശേഷം തിയറ്ററുകളിലേക്ക് വീണ്ടുമെത്തുന്നത് എന്നതാണ് കൗതുകം.
പലയിടങ്ങളില്‍ പല പേരുകളിലാണ് ചിത്രം 1987 ല്‍ റിലീസ് ചെയ്യപ്പെട്ടത്. ആന്ധ്രയിലും കേരളത്തിലും പുഷ്പക വിമാനമെന്ന പേരിലെത്തിയ ചിത്രത്തിന്‍റെ കര്‍ണാടകത്തിലെ പേര് പുഷ്പക വിമാന എന്നായിരുന്നു. ഉത്തരേന്ത്യയില്‍ പുഷ്പക് എന്ന പേരിലും തമിഴ്നാട്ടില്‍ പേസും പടം എന്ന പേരിലുമായിരുന്നു റിലീസ്. ജനപ്രിയ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു ചിത്രം. കമലിനൊപ്പം സമീര്‍ ഖാഖര്‍, ടിനു ആനന്ദ്, കെ എസ് രമേശ്, അമല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ALSO READ : നായകന്‍ ആര്? 'ട്രാന്‍സി'ന് ശേഷം പുതിയ സിനിമയുമായി അന്‍വര്‍ റഷീദ്
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ