റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

പൃഥ്വിരാജിന്‍റെ (Prithviraj) സംവിധാനത്തില്‍ മോഹന്‍ലാല്‍ (Mohanlal) വീണ്ടുമെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബ്രോ ഡാഡി (Bro Daddy). ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിനും ടീസറിനുമൊക്കെ വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് അണിയറക്കാര്‍. കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan) അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ബ്രോ ഡാഡി ടീം ഏറ്റവുമൊടുവില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'അന്ന കുര്യന്‍' എന്നാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുന്നത്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ബ്രോ ഡാഡിയുടെ യുഎസ്‍പി. മോഹന്‍ലാലിന്‍റെ മകന്‍റെ വേഷത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ പൃഥ്വി അവതരിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. ജോണ്‍ കാറ്റാടിയും മകന്‍ ഈശോ ജോണ്‍ കാറ്റാടിയുമായാണ് മോഹന്‍ലാലും പൃഥ്വിരാജും സ്ക്രീനില്‍ എത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചിത്രത്തിന്‍റെ റിലീസ് തീയതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.