Asianet News MalayalamAsianet News Malayalam

എങ്ങനെയുണ്ട് 'ബുള്‍ബുള്‍'? റിലീസ്‍ദിന പ്രതികരണങ്ങള്‍

പാട്ടെഴുത്തുകാരിയും സംഭാഷണ രചയിതാവുമായി ശ്രദ്ധിക്കപ്പെട്ട അന്‍വിത ദത്തിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. 2018 നവംബറില്‍ നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ച ഇന്ത്യന്‍ ഒറിജിനല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ ചിത്രം.

bulbbul release day audience reviews on twitter
Author
Thiruvananthapuram, First Published Jun 24, 2020, 10:04 PM IST

'പാതാള്‍ ലോക്' എന്ന സിരീസിനു ശേഷം അനുഷ്‍ക ശര്‍മ്മ നിര്‍മ്മിച്ച ഒരു സിനിമ ഇന്ന് നെറ്റ്ഫ്ളിക്സിലൂടെ പ്രീമിയര്‍ ചെയ്യപ്പെട്ടു. ബംഗാള്‍ പശ്ചാത്തലമാക്കുന്ന സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ചിത്രമായ 'ബുള്‍ബുള്‍' എന്ന ചിത്രം നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ആയാണ് എത്തിയത്. ട്വിറ്ററില്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും അഭിനേതാക്കളുടെയും പ്രകടനം ഗംഭീരമാണെന്ന് അങ്കിത പരിഹാര്‍ എന്നയാള്‍ കുറിയ്ക്കുന്നു. സിനിമാറ്റോഗ്രഫിയെക്കുറിച്ചും താരങ്ങളുടെ അഭിനയത്തെക്കുറിച്ചുമാണ് തുഷാര്‍ എന്ന പ്രേക്ഷകന് പറയാനുള്ളത്. അഭിനേതാക്കളില്‍ തൃപ്‍തി ദിംറിയുടെ പ്രകടനം തുഷാര്‍ എടുത്തുപറയുന്നു. ഒരു സൂപ്പര്‍നാച്ചുറല്‍ കഥ ആയിരിക്കുമ്പോള്‍ത്തന്നെ ബുള്‍ബുളിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍ ശൈശവ വിവാഹം, ഗാര്‍ഹികപീഡനം, പീഡോഫീലിയ, പാട്രിയാര്‍ക്കി, ലിംഗ അസമത്വം തുടങ്ങിയ വിഷയങ്ങളുടെ പരാമര്‍ശങ്ങളാണെന്ന് പൗലമി ദാസ് ചൗധരി എന്ന പ്രേക്ഷക പറയുന്നു.

ശൈശവ വിവാഹത്തിലൂടെ തന്‍റെ സഹോദരന്‍റെ ഭാര്യയായ ബുള്‍ബുള്‍ എന്ന  പെണ്‍കുട്ടിയെ വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അന്വേഷിച്ചുപോവുകയാണ് നായക കഥാപാത്രം. നിലവില്‍ സഹോദരനാല്‍ ഉപേക്ഷിക്കപ്പെട്ട് കൊട്ടാരസദൃശമായ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയാണ് അവര്‍. ദുരൂഹതയുടെ നിഴലിലുള്ള, ദുര്‍മരണങ്ങളുടെ പിടിയിലാണ് ആ ഗ്രാമം. മരങ്ങളില്‍ വസിക്കുന്ന ഒരു സത്വമാണ് ഇതിന്‍റെ പിന്നിലെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. സത്യം കണ്ടെത്തുക എന്നത് നായക കഥാപാത്രത്തിന്‍റെ ബാധ്യതയായി മാറുന്നു.

പാട്ടെഴുത്തുകാരിയും സംഭാഷണ രചയിതാവുമായി ശ്രദ്ധിക്കപ്പെട്ട അന്‍വിത ദത്തിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. രാഹുല്‍ ബോസ്, പരംബ്രത ചതോപാധ്യായ്, പവോലി ദം, തൃപ്‍തി ദിംറി, അവിനാശ് തിവാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 നവംബറില്‍ നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ച ഇന്ത്യന്‍ ഒറിജിനല്‍ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ ചിത്രം. അതേസമയം അനുഷ്‍ക ശര്‍മ്മ നിര്‍മ്മിച്ച് ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്‍ത സിരീസ് 'പാതാള്‍ ലോക്' മികച്ച അഭിപ്രായം നേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios