Asianet News MalayalamAsianet News Malayalam

'കപ്പേള' ഇനി തെലുങ്കില്‍; അനിഖ നായികയാവുന്ന ബുട്ട ബൊമ്മയുടെ ഫസ്റ്റ് ലുക്ക്

തെലുങ്കിലെ  പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്

butta bomma first look kappela telugu remake anikha surendran Sithara Entertainments
Author
First Published Aug 31, 2022, 12:10 PM IST

നടന്‍ മുഹമ്മദ് മുസ്‍തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൊവിഡിനു തൊട്ടുമുന്‍പ് തിയറ്ററുകളിലെത്തിയ ചിത്രമാണ്. അതിനാല്‍ത്തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പ് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ പിന്നീട് നെറ്റ്ഫ്ലിക്സ് റിലീസിലൂടെ ചിത്രം ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്‍തു. 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു. തെലുങ്കിലേക്കും തമിഴിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ തെലുങ്കില്‍ നായികയാവുന്നത് അനിഖ സുരേന്ദ്രന്‍ ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തത്തി.

ബുട്ട ബൊമ്മ എന്നാണ് കപ്പേളയുടെ തെലുങ്ക് റീമേക്കിന് പേരിട്ടിരിക്കുന്നത്. തെലുങ്കിലെ  പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‍സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഇത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനി ആയിരുന്നു. അനിഖയുടെ കഥാപാത്രം മാത്രമാണ് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. 

കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് കപ്പേള നിര്‍മ്മിച്ചത്. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നെറ്റ്ഫ്ളിക്സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആയിരുന്നു. സംഗീതം സുഷിന്‍ ശ്യാം. അതേസമയം ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ ഗൌതം മേനോന്‍ ആണ്. 

ALSO READ : വിക്രത്തിന്‍റെ തിരിച്ചുവരവ്? 'കോബ്ര' ആദ്യദിന പ്രതികരണങ്ങള്‍

Follow Us:
Download App:
  • android
  • ios