ടിടി ഡയറക്ട് റിലീസ് ആയി ഓണത്തിന് പ്രേക്ഷകരിലേക്കെത്തി മികച്ച പ്രതികരണം നേടിയ 'സി യു സൂണി'ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. നവംബർ 15 വൈകുന്നേരം 6. 30 ന് ചിത്രം സംപ്രേഷണം ചെയ്യും.പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച സിനിമയാണ് ‘സി യു സൂൺ‘.

ഇന്നത്തെ മധ്യവർഗ്ഗസമൂഹത്തിന്റെ, യൗവനത്തിന്റെ, സ്ഥിരം കാഴ്ചകളായി മാറുന്ന ഡിജിറ്റൽ സ്‌ക്രീനുകളും കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും  ദൃശ്യഘടനകളും വെർച്യുൽ കാഴ്ച്ചകളും ആഖ്യാനരീതിയായി മാറുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രേത്യേകത.

ലോക്ക് ഡൗണ്‍ കാലയളവില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ഒരുക്കപ്പെട്ട ചിത്രം ചലച്ചിത്രഭാഷ കൊണ്ടും സമീപനം കൊണ്ടും കൈയ്യടി നേടിയ സിനിമയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു, സൈജു കുറുപ്പ്, മാല പാര്‍വ്വതി എന്നിവരാണ് അഭിനയിച്ചത്. കഥാപാത്രങ്ങള്‍ക്ക് ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങൾ വീഡിയോ കോളുകളിലൂടെയും ചാറ്റുകളിലൂടെയുമാണ് മഹേഷ് നാരായണന്‍ വേറിട്ട ചലച്ചിത്രഭാഷ ഒരുക്കിയത്.