കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്തു. 

ഴിഞ്ഞ ദിവസമാണ് രാജമൗലി ചിത്രം ആർആർആർ(RRR Movie) തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജമൗലിയുടെ മറ്റൊരു മാസ്റ്റർപീസ് ചിത്രമാണ് ആർആർആറെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ സിനിമ മുഴുവനും പ്രദർശിപ്പിക്കാത്ത തിയറ്ററിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. 

യു എസിലെ സിനിമാര്‍ക്ക് തിയറ്ററിലാണ് സംഭവം. സിനിമാനിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്രയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി പ്രദര്‍ശിപ്പിച്ചതിന് ശേഷം രണ്ടാം പകുതി കാണിച്ചില്ലെന്ന് അനുപമ ട്വീറ്റ് ചെയ്യുന്നു.

"ആദ്യ പകുതിയ്ക്ക് ശേഷം ആർആർആറിന്റെ രണ്ടാം ഭാഗം കാണിച്ചില്ല. കാരണം രണ്ടാം ഭാഗം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്ന്. മാനേജരോട് ചോദിച്ചപ്പോള്‍ സിനിമ ഇനിയും ബാക്കിയുണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി. അവിശ്വസനീയവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവം", അനുപമ ചോപ്ര ട്വീറ്റ് ചെയ്തു. 

Scroll to load tweet…

അതേസമയം, കേരളത്തിൽ മാത്രം നാല് കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രം സ്വന്തമാക്കിയത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്! ഹിന്ദി പതിപ്പ് ആണ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസ് ചെയ്തു. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി ആരാധകരും സിനിമാസ്വാദകരും ഒരുപോലെയാണ് കാത്തിരുന്നത്. കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത്. 

ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു.

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.