പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വച്ചായിരുന്നു അന്ത്യം. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലൊക്കേഷന്‍ പരിശോധിക്കുന്നതിനായി എത്തിയ അദ്ദേഹത്തെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ പിജി ഡിപ്ലോമ നേടിയതിന് ശേഷമാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിക്കുന്നത്. ബാലു മഹേന്ദ്ര, ജോണ്‍ എബ്രഹാം, കെ ജി ജോര്‍ജ്ജ് എന്നിവര്‍ പൂനെയിലെ സഹപാഠികളായിരുന്നു. ജോണ്‍ എബ്രഹാമിന്റെ സംവിധാനത്തില്‍ 1972ല്‍ പുറത്തെത്തിയ 'വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ' ആണ് ആദ്യ ചിത്രം. 

 

അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് ഭാഷാചിത്രങ്ങള്‍ക്കുവേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നൂറ്റിമുപ്പതോളം സിനിമകള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി. എം ടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം, ഭരതന്റെ രതിനിര്‍വേദം, പാളങ്ങള്‍, വെങ്കലം, കെ ജി ജോര്‍ജിന്റെ യവനിക, ജിജോയുടെ പടയോട്ടം, ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് പ്രധാന വര്‍ക്കുകള്‍. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ(1989) എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ മികവിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 

ദിലീപിനെ നായകനാക്കി ത്രീഡി ചിത്രമായ 'പ്രൊഫസര്‍ ഡിങ്കന്‍' സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഒരു ഷെഡ്യൂള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. 'ഡിങ്കന്റെ' ഷെഡ്യൂള്‍ ബ്രേക്കില്‍ ഒരു പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു അദ്ദേഹം. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയിലും അംഗമായിരുന്നു അദ്ദേഹം.