Asianet News MalayalamAsianet News Malayalam

'തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം പറ്റില്ല'; ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് കേന്ദ്രം

കേന്ദ്രത്തിന്‍റെ കൊവിഡ്  മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

cant allow 100 percent occupancy in theaters says centre to tamilnadu
Author
New Delhi, First Published Jan 6, 2021, 7:33 PM IST

ദില്ലി: സിനിമാ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കും കാണികളെ പ്രവേശിപ്പിക്കാുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ അനുമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. തമിഴ്നാട് സര്‍ക്കാരിന്‍റെ തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കലാണെന്നും ആയതിനാല്‍ തീരുമാനം പുന:പരിശോധിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. കേന്ദ്രം നേരത്തെ പുറത്തിറക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സിനിമാ തീയേറ്ററുകളില്‍ 50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും കത്തിലുണ്ട്. 

കൊവിഡ് അണ്‍ലോക്കിന്‍റെ ഭാഗമായി സിനിമാ തീയേറ്ററുകള്‍ തുറന്നപ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്‍റെ ഭാഗമായി 50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പല സമയത്തായി തീയേറ്ററുകള്‍ തുറന്ന തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശം പാലിച്ചിരുന്നു. എന്നാല്‍ പൊങ്കല്‍ റിലീസുകള്‍ അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം ആവാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് നടന്‍ വിജയ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ചിലമ്പരശനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. വിജയ് നായകനാവുന്ന 'മാസ്റ്റര്‍', ചിമ്പുവിന്‍റെ 'ഈശ്വരന്‍' എന്നീ ചിത്രങ്ങള്‍ പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുകയാണ്.

കേന്ദ്രത്തിന്‍റെ കൊവിഡ്  മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം തമിഴ്നാട് സര്‍ക്കാര്‍ തീരുമാനത്തെ തീയേറ്റര്‍ ഉടമകളും പ്രേക്ഷകരില്‍ ഒരു നല്ല പങ്കും സ്വാഗതം ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ എതിരഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. കൊവിഡ് ഭീതി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ തീയേറ്ററുകളില്‍ 100 ശതമാനം കാണികളെ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമാണെന്ന് വിമര്‍ശിച്ചുകൊണ്ടുള്ള യുവഡോക്ടറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 
 

Follow Us:
Download App:
  • android
  • ios