മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ പത്താം വാര്‍ഷികാഘോഷം കൊച്ചിയില്‍ നടന്നു. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള സേവന പദ്ധതികള്‍ക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു. മമ്മൂട്ടിയുടെ അറുപത്തിയെട്ടാം ജന്മദിനവും ചടങ്ങിനോടനുബന്ധിച്ച് ആഘോഷിച്ചു. 

പത്ത് വര്‍ഷം മുന്‍പ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരംഭിച്ച കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. മൂന്നാര്‍ മറയൂര്‍ കമ്മാളന്‍കുടി ആദിവാസി കോളനിയിലെ തലൈവര്‍ ഗുരുസ്വാമിയാണ് പത്താം വാര്‍ഷികാഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരളത്തിലെ ആദിവാസി ഊരുകളിലെ ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കുമായുള്ള ടെലിമെഡിസിന്‍ സംവിധാനത്തിന് ചടങ്ങില്‍ തുടക്കം കുറിച്ചു. ചാലക്കുടി പുകയിലപ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ആദ്യം ലഭിക്കുക. പൂര്‍വ്വികം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജഗിരി കേന്‍സര്‍ കെയര്‍ സെന്‍ററുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കേരളത്തിലെ ആദിവാസി സ്ത്രീകള്‍ക്ക് സൗജന്യ കാന്‍സര്‍ പരിശോധനയും ലഭ്യമാകും. നിരാലംബരായ ആയിരക്കണക്കിനുപേര്‍ക്ക് സഹായമെത്തിക്കാന്‍ ഫൗണ്ടേഷന് കഴിഞ്ഞത് നിരവധി സുമനസ്സുകളുടെ സഹായം കൊണ്ടാണെന്ന് മമ്മൂട്ടി പറഞ്ഞു. 

പ്രിയതാരത്തിനുള്ള ജന്മദിന സമ്മാനമായി വയനാട്ടിലെ മധ്യപാടി ആദിവാസി ഊര് ദത്തെടുക്കാന്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി കേക്ക് മുറിച്ച് അതിഥികള്‍ക്ക് മധുരം പങ്കുവെച്ചു.