സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 

കൊച്ചി: യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 

'ചട്ടമ്പി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതി. ആദ്യം ചോദ്യങ്ങൾക്ക് മാന്യമായി മറുപടി നൽകിയെങ്കിലും പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ സംസാരിച്ചു. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നനുമാണ് മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പറയുന്നത്.വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. 

പരാതിക്കാരിയുടെ മൊഴി നേരത്തെ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും പെലീസ് വ്യക്തമാക്കി.

അതേസമയം, ഇന്നാണ് ചട്ടമ്പി സിനിയുടെ റിലീസ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടക്കുന്നത് വൈകിട്ട് ആറ് മണിക്കാണ്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തുന്നു.

ശ്രേയാ ഘോഷാലിന്റെ ശബ്ദത്തിൽ മനോഹര മെലഡി; മഞ്ജു വാര്യരുടെ 'ആയിഷ' പാട്ടെത്തി

ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി, ജോജി, ബിസൽ, റീനു റോയ്, സജിൻ പുലക്കൻ, ഉമ, ജി കെ പന്നൻകുഴി, ഷൈനി ടി രാജൻ, ഷെറിൻ കാതറിൻ, അൻസൽ ബെൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.