നടിയുടെ വിശദമായ മൊഴിയെടുത്തു, മുകേഷും ജയസൂര്യയും അടക്കം 7 പേർക്കെതിരെ കേസെടുക്കും; തുടർ നടപടികളുമായി പൊലീസ്
ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാകും എഫ് ഐ ആർ നിലവിൽ വരിക
കൊച്ചി: നടിയുടെ പരാതിയിൽ നാല് താരങ്ങൾ അടക്കം ഏഴുപേർക്കെതിരെ പൊലീസ് കേസ് എടുക്കും. മുകേഷ്, ഇടവേള ബാബു, മണിയൻ പിളള രാജു എന്നിവർക്കെതിരെ കൊച്ചിയിലും ജയസൂര്യക്കെതിരെ തിരുവനന്തപുരത്തുമാകും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക. നടിയുടെ വിശദമായ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തി. പത്തു മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കല്‍ രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. മൊഴികള്‍ പരിശോധിച്ചശേഷമായിരിക്കും അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കുക.
ഇന്ന് രാവിലെ പത്തരയോടെയാണ് ഡിഐജി അജിതാബീഗം, എ.ഐ.ജി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടിയുടെ ആലുവയിലെ ഫ്ലാറ്റിൽ എത്തിയത്. ഏഴ് പരാതികളാണ് പൊലീസിന് നൽകിയിട്ടുള്ളത്. മുകേഷ് എം.എൽ.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.
ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാകും എഫ് ഐ ആർ നിലവിൽ വരിക. ഓരോ പരാതിയും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആരോപണങ്ങൾ വർഷങ്ങൾക്ക് മുന്നെ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും പൊലീസ് ശേഖരിക്കും. കേസ് മുന്നിൽക്കണ്ട് ആരോപണം നേരിടുന്നതാരങ്ങളും മുൻകൂർ ജാമ്യത്തിനായി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.