സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ ‘സൂരറൈ പോട്രി‘ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി. ചിത്രത്തിലെ മനോഹരമായ രംഗങ്ങളിലൊന്നായിരുന്നു മരന്‍റെ വീടിനോട് ചേര്‍ന്ന് പറന്നുയരുന്ന വിമാനങ്ങളുടെ കാഴ്ച. ഇപ്പോഴിതാ മാരന്റെ ആ വീട് എങ്ങനെയാണ് തയ്യാറാക്കിയതെന്ന വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 

ഏറെ ബുദ്ധിമുട്ടിയായിരുന്നു ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ മാരന്‍റെ ഈ വീട് ഒരുക്കിയത്. കലാ സംവിധായകന്‍ ജാക്കിയുടെ കരവിരുതിലായിരുന്നു വീട് നിര്‍മ്മിച്ചത്. യഥാര്‍ത്ഥ വിമാനത്താവളത്തോട് ചേര്‍ന്നായിരുന്നു വീടിന്‍റെ നിര്‍മ്മാണം. അതുകൊണ്ട് തന്നെ പലപ്പോഴും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പിന്നീട് സംവിധായിക സുധാ കൊങ്കരയും സൂര്യയും ഇടപെട്ടാണ് അധികൃതരെ മനസിലാക്കിച്ച് ചിത്രീകരണം പുനഃരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.