സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മമിത ചുരുങ്ങിയ സമയം കൊണ്ടാണ്  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. സൂര്യയുടെയും, ധനുഷിന്റേയും നായികയായി വരാനിരിക്കുന്ന മമിതയുടെ ഇനിയുള്ള ചിത്രങ്ങളും പ്രതീക്ഷ നൽകുന്നവയാണ്.

2017 ൽ പുറത്തിറങ്ങിയ 'സർവ്വോപരി പാലാക്കാരൻ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. രാജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമിത എത്തിയത്. ആ സിനിമയും കഥാപാത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഹണി ബീ 2, വരത്തൻ, വികൃതി, ഓപ്പറേഷൻ ജാവ തുടങ്ങീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയ മമിതയുടെ കരിയറിലെ ആദ്യത്തെ ബ്രേക്ക് ത്രൂ എന്ന് പറയാൻ കഴിയുന്ന ഒരു സിനിമയും കഥാപാത്രവും ഒരുപക്ഷേ ഗിരീഷ് എ.ഡി ഒരുക്കിയ 'സൂപ്പർ ശരണ്യ' ആയിരിക്കും. അനശ്വര രാജൻ, അർജുൻ അശോകൻ, നെസ്ലൻ എന്നിവർക്കൊപ്പം മമിത അവതരിപ്പിച്ച സോന എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ശരണ്യയുടെ സുഹൃത്തായ സോന ചിത്രത്തിലുടന്നീളം ചിരി പടർത്തിയിരുന്നു. സൂപ്പർ ശരണ്യക്ക് ശേഷം തൊട്ടടുത്ത വര്ഷം പുറത്തിറങ്ങിയ പ്രണയവിലാസത്തിലെ ഗോപിക എന്ന കഥാപാത്രവും ശ്രദ്ധേയമായതായിരുന്നു. എന്നാൽ മമിത നായികയായി ആദ്യമായി അരങ്ങേറിയ 'പ്രേമലു' എന്ന ചിത്രമാണ് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം. ഗിരീഷ് എ.ഡിയുടെ റോംകോമിൽ നസ്ലെന്റെ നായികയായ മമിതയുടെ പ്രകടനം തെന്നിന്ത്യയിൽ വലിയ തരംഗമായി മാറുകയും തെലുങ്കിൽ അടക്കം നിരവധി ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഇപ്പോഴും റീനു എന്ന കഥാപാത്രവും പ്രേമലു എന്ന സിനിമയും ഏറെ പ്രിയപ്പെട്ടതാണ്.

പ്രേമലു പ്രേക്ഷക പ്രതികരണങ്ങൾ നേടുക മാത്രമല്ല, കളക്ഷനിലും വമ്പൻ മുന്നേറ്റമാണ് നടത്തിയത്. 3 കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 136 കോടിയോളം രൂപയാണ് സ്വന്തമാക്കിയത്. പ്രേമലു ഉണ്ടാക്കിയെടുത്ത ഓളം മമിതയെ കൊണ്ടുചെന്നെത്തിച്ചത് മലയാളത്തിന് പുറത്തേക്കുള്ള ഇൻഡസ്ട്രികളിലേക്കാണ്. ജി.വി പ്രകാശ്കുമാറിനെ നായകനാക്കി ഒരുക്കിയ റിബൽ എന്ന ചിത്രത്തിൽ നായികയായി മമിത എത്തി. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മമിതയെ സംബന്ധിച്ച് റിബൽ ഇപ്പോഴും അന്യ ഭാഷയിലെ നല്ല തുടക്കമാണെന്ന് തന്നെ പറയാം.

റിബലിന് ശേഷമിറങ്ങിയ 'ഡ്യൂഡ്' വലിയ വിജയമായി എന്നതിനേക്കാളുപരി മമിത എന്ന നടി ഒരു നായികാതലത്തിലേക്ക് ഉയരുന്ന കാഴ്ചകൂടിയാണ് പ്രദീപ് രംഗനാഥന്റെ ചിത്രത്തിലൂടെ കിട്ടിയത്. കീത്തീശ്വരൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷത്തെ ദീപാവലി ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു. 35 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 100 കോടിക്ക് മുകളായിലാണ് സ്വന്തമാക്കിയത്. ഇന്റർകാസ്റ്റ് പ്രണയവും അതിന്റെ സാമൂഹിക പ്രശ്നങ്ങളും ചർച്ച ചെയ്ത ചിത്രം ഒടിടി റിലീസിന് ശേഷവും മികച്ച പ്രതികരണങ്ങളാണ് നേടിയത്. മമിത- പ്രദീപ് രംഗനാഥൻ കോംബോയും ഏറെ പ്രശംസിക്കപ്പെട്ടു.

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യയിൽ വലിയ ആരധകരെ സൃഷ്ടിച്ച മമിത വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾക്കും ട്രോളുകൾക്കും അടുത്തിടെ ഇരയാവുന്നുണ്ട് എന്നത് ഖേദകരമായ കാര്യമാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ മലയാളികളാണ് അത്തരത്തിൽ ട്രോളുകൾ നിർമിക്കുന്നതെന്നും ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിയിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ്‌യുടെ ജന നായകൻ എത്തുന്നത്. ചിത്രത്തിൽ വിജയ്‌യുടെ മകളായാണ് മമിത എത്തുന്നത്. വിജയലക്ഷ്മി എന്നാണ് മമിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സെൻസർ വിവാദങ്ങളിൽ അകപ്പെട്ട ചിത്രത്തിന്റെ റിലീസിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. പുറത്തുവന്ന ട്രെയ്‌ലർ നൽകുന്ന സൂചനകൾ അനുസരിച്ച്, സിനിമയിൽ വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമിത എത്തുന്നതെന്നാണ് സൂചനകൾ.

ജന നായകന് ശേഷം മികച്ച ലൈനപ്പ്

ജനനായകന് ശേഷം എത്തുന്ന മമിതയുടെ ചിത്രങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. തെലുങ്കിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായ ലക്കി ഭാസ്‌ക്കറിന് ശേഷം സൂര്യയെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന 'സൂര്യ 46' ൽ നായികയായാണ് മമിത എത്തുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കര'യിൽ മമിത നായികയായാണ് എത്തുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്ഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കൂടാതെ രാം കുമാർ സംവിധാനം ചെയ്യുന്ന 'ഇരണ്ടു വാനം' എന്ന ചിത്രത്തിൽ വിഷ്ണു വിശാലിന്റെ നായികയായി മമിത എത്തുന്നുണ്ട്. രാക്ഷസൻ മുണ്ടാസുപെട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം രാം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായത് ഉണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.

മലയാളത്തിൽ പ്രേമലു എന്ന ചിത്രത്തിന് ശേഷം മമിത തിരിച്ചെത്തുന്ന ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി- ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രേമലു പോലെ തന്നെ ഒരു റോം കോം ചിത്രമാണ് ഗിർരേഷ് എ.ഡിയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 'സർവ്വം മായ'യിലൂടെ തന്‍റെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോള്‍ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന് നിസ്സംശയം പറയാം. റൊമാന്‍റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

YouTube video player