നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം

ആസിഫ് അലി നായകനാവുന്ന റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിലേക്ക് മറ്റ് അഭിനേതാക്കളെത്തേടി അണിയറക്കാര്‍. 'എ രഞ്ജിത്ത് സിനിമ' എന്ന പേരില്‍ എത്തുന്ന റൊമാന്‍റിക് ത്രില്ലര്‍ ചിത്രത്തിലേക്കാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. നവാഗതനായ നിഷാന്ത് സാറ്റുവാണ് രചനയും സംവിധാനവും. ഷാഫി, സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് നിഷാന്ത് ആദ്യ സിനിമയുമായി എത്തുന്നത്. 

നായിക, ഉപനായിക, നായികയുടെ അച്ഛന്‍, നായകന്‍റെ അമ്മ, നായകന്‍റെ സുഹൃത്തുക്കള്‍ എന്നിവരെയാണ് ആവശ്യം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റിക് ത്രില്ലര്‍ ആണ് ചിത്രം. രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയാണ് നിര്‍മ്മാണം. വിതരണം റോയല്‍ സിനിമാസ്. ഛായാഗ്രഹണം സുനോജ് വേലായുധൻ. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് ദിലീപ് ഡെന്നീസ്. പിആർഒ എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona