Asianet News MalayalamAsianet News Malayalam

കുഞ്ചാക്കോ ബോബന്‍ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍; കേരളം Vs ബോളിവുഡ് മത്സരം കാര്യവട്ടത്ത്

സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന്

ccl new season kunchacko boban kerala strikers captain mohanlal unni mukundan
Author
First Published Jan 24, 2023, 11:43 PM IST

രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎല്‍) പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയില്‍ കര്‍ട്ടന്‍ റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം മിനുക്കിയെത്തുന്ന കേരള സ്ട്രൈക്കേഴ്സ് ടീം ആണ് മലയാളികളെ സംബന്ധിച്ച് താല്‍പര്യമുയര്‍ത്തുന്ന ഘടകം. താരങ്ങളുടെ മറ്റൊരു ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി 3) ചേര്‍ന്നാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ പോരിന് ഇറങ്ങുക. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്‍റെ പേര്.

കുഞ്ചാക്കോ ബോബന്‍ നായകനായി 20 അംഗ ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു മോഹന്‍, നിഖില്‍ കെ മേനോന്‍, പ്രജോദ് കലാഭവന്‍, ആന്‍റണി വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ഉള്ളത്. ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് സി 3 ഔദ്യോഗിക വക്താവ് നിഖില്‍ കെ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ALSO READ : 'ബട്ടര്‍ഫ്ലൈ എഫക്റ്റ്' വിശദീകരിച്ച് മോഹന്‍ലാല്‍; എലോണ്‍ ടീസര്‍

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് ആയ മുംബൈ ഹീറോസിനെ നേരിടും. സല്‍മാന്‍ ഖാന്‍ ആണ് മുംബൈ ഹീറോസിന്‍റെ നോണ്‍ പ്ലേയിംസ് ക്യാപ്റ്റന്‍. കര്‍ണാടകയും പഞ്ചാബുമായുള്ള മത്സരമാണ് രണ്ടാമത്തെ മത്സരമായി കാര്യവട്ടത്ത് നിലവിലെ ഷെഡ്യൂളില്‍ ഉള്ളതെന്നും പകരം കര്‍ണാടകം, തമിഴ്നാട് മത്സരം ഇവിടെ നടത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിഖില്‍ പറയുന്നു. താരങ്ങളുടെ ഡേറ്റ് ക്ലാഷ് ഒരു പ്രശ്നമാണ്. അത് കളിയെ ബാധിക്കാതിരിക്കാനാണ് ഇക്കുറി 20 പ്ലെയേഴ്സിന്റെ ലിസ്റ്റ് നല്‍കിയത്, നിഖില്‍ പറയുന്നു. കുഞ്ചാക്കോ ബോബന്‍റെ ക്യാപ്റ്റന്‍സി ഉള്‍പ്പെടെ പുതുമകളുമായി എത്തുന്ന ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. 

Follow Us:
Download App:
  • android
  • ios