2023 സെപ്റ്റംബർ 28ന് ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയത്. ജോർജ് മാർട്ടിനും സംഘത്തിനും മുന്നിൽ വരുന്ന കേസും അതിന് വേണ്ടി ഉത്തരേന്ത്യയിലേക്ക് പോകുന്നതും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് കണ്ണൂർ സ്ക്വാഡ് പറഞ്ഞത്.
മലയാളികൾക്ക് ഏറെ വ്യത്യസ്തമായ പൊലീസ് ത്രില്ലർ അനുഭവം സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസുകാരനായി മലയാളത്തിന്റെ മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾക്ക് ഒപ്പം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ഇന്നിതാ കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തിട്ട് രണ്ട് വർഷം തികഞ്ഞിരിക്കുകയാണ്. ഈ സന്തോഷം നിർമാതാക്കളായ മമ്മൂട്ടി കമ്പനി പങ്കുവച്ചിട്ടുണ്ട്.
"ഞങ്ങളുടെ സ്ക്വാഡിൻ്റെ രണ്ട് വർഷം. അവിസ്മരണീയമായ ഷൂട്ടിംഗ് ദിനങ്ങൾ മുതൽ തിയേറ്ററുകളിൽ നിന്നുള്ള മികച്ച വിജയവും സ്നേഹവും വരെ, കണ്ണൂർ സ്ക്വാഡ് മമ്മൂട്ടി കമ്പനിക്ക് ഒരു പ്രത്യേക പ്രോജക്റ്റായിരുന്നു. ഒരു പുതിയ ടീമിനൊപ്പം പ്രവർത്തിക്കുകയും പ്രേക്ഷകരുടെ സ്‌നേഹനിർഭരമായ വിജയം നേടുകയും ചെയ്‌തത് ശരിക്കും അവിസ്മരണീയമായി", എന്നാണ് മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പ്.
2023 സെപ്റ്റംബർ 28ന് ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയത്. കണ്ണൂർ സ്ക്വാഡിന്റെ തലവനായ ജോർജ് മാർട്ടിനും സംഘത്തിനും മുന്നിൽ വരുന്ന കേസും അതിന് വേണ്ടി ഉത്തരേന്ത്യയിലേക്ക് പോകുന്നതും അവിടെ നടക്കുന്ന പോരാട്ടത്തിന്റെയും കഥയാണ് കണ്ണൂർ സ്ക്വാഡ് പറഞ്ഞത്. റിലീസ് ചെയ്ത് ആദ്യദിനം മുതൽ തന്നെ പോസിറ്റീവ് റിവ്യു ലഭിച്ച ചിത്രം പിന്നീട് അങ്ങോട്ട് മൗത്ത് പബ്ലിസിറ്റി ഏറ്റുവാങ്ങി മുന്നേറി. ഒടുവിൽ ആഗോള തലത്തിൽ 84 കോടി രൂപയിലധികം ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.
മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായിരുന്നു. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയ വൻതാരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആയിരുന്നു ചിത്രം വിതരണം ചെയ്തത്.



