വിഷ്‍ണു വിശാല്‍, കലൈരശൻ, പൃഥ്വി തുടങ്ങിയവരാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തെലുങ്ക് വാരിയേഴ്‍സിനെതിരെ ചെന്നൈ റൈനോസിന് തകര്‍പ്പൻ ജയം. തെലുങ്ക് വാരിയേഴ്‍സിനെ 20 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. 101 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന തെലുങ്ക് വാരിയേഴ്‍സിന് 10 ഓവറില്‍ 80 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വിഷ്‍ണു വിശാല്‍, കലൈയരശൻ, പൃഥ്വി തുടങ്ങിയവര്‍ ചൈന്നൈ നിരയില്‍ തിളങ്ങി.
ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖില്‍ അക്കിനേനി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്‍ക്കും വിധം പന്തെറിഞ്ഞ തെലുങ്ക് ബൗളര്‍മാര്‍ ചെന്നൈ ഓപ്പണര്‍മാരെ തളര്‍ത്തി. ചെന്നൈയുടെ ഓപ്പണര്‍മാരായ ശന്തനു ഒമ്പത് റണ്‍സിന് പുറത്തായപ്പോള്‍ രമണയ്‍ക്ക് റണ്‍സ് ഒന്നും എടുക്കാനായില്ല. വൻ തകര്‍ച്ചയിലേക്ക് നീങ്ങിയ ചെന്നൈയെ കരകയറ്റിയത് 18 പന്തില്‍ 28 റണ്‍സെടുത്ത കലൈയരശനും 12 പന്തില്‍ 20 റണ്‍സ് എടുത്ത വിക്രാന്തും ചേര്‍ന്നാണ്. വിഷ്‍ണു വിശാല്‍ നല്, അശോക് സെല്‍വൻ പൂജ്യം, ദശരഥൻ 14, ജീവ രണ്ട് എന്നിങ്ങനെ സ്‍കോര്‍ നേടിയ ആദ്യ ഇന്നിംഗ്‍സില്‍ ഒമ്പത് വിക്കറ്റ് നഷ്‍ടത്തില്‍ 84 റണ്‍സ് എടുക്കാനേ ചെന്നൈക്ക് കഴിഞ്ഞുള്ളൂ. തെലുങ്ക് വാരിയേഴ്‍സിന്റെ രഘു മൂന്ന് വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി. ചെന്നൈക്കെതിരെ പ്രിൻസ് രണ്ട് വിക്കറ്റെടുത്തു. അശ്വിൻ ബാബു, സമ്രാട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ തെലുങ്ക് താരങ്ങളുടെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരില്‍ അഖില്‍ അക്കിനേനി ഒരു റണ്‍ മാത്രം എടുത്തപ്പോള്‍ പ്രിൻസിന്റെ സമ്പാദ്യം നാല് റണ്‍സായിരുന്നു. സുധീര്‍ ബാബു എട്ട് റണ്‍സെടുത്തു. തെലുങ്ക് വാര്യയേഴ്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് 32 പന്തില്‍ 56 റണ്‍സെടുത്ത റോഷനാണ്. അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 93 റണ്‍സ് എടുത്ത തെലുങ്കിന്റെ രണ്ട് പേരെ ആധവും ഓരോ ബാറ്റ്‍സ്‍മാൻമാരെ വിക്രാന്ത്, ജീവ, ദശരഥൻ എന്നിവരും പുറത്താക്കി.
തെലുങ്ക് വാരിയേഴ്‍സ് കുറിച്ച ഒമ്പത് റണ്‍സിന്റെ ലീഡിനെതിരെ രണ്ടാം സ്‍പെല്ലില്‍ ബാറ്റിംഗിനിറങ്ങിയ ചൈന്നൈയുടെ തുടക്കം മോശമല്ലായിരുന്നു. വിഷ്‍ണു വിശാല്‍ 12 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് ഓപ്പണിംഗില്‍ തിളങ്ങി. എന്നാല്‍ വിക്രാന്തിന് റണ്‍സ് എടുക്കാനായില്ല. ദശരഥൻ ഏഴ് പന്തില്‍ നിന്ന് 17ഉം പൃഥ്വി 12 പന്തില്‍ നിന്ന് 24ഉം കലൈയരശൻ 10 പന്തില്‍ പതിനാറും റണ്‍സ് എടുത്തപ്പോള്‍ ചെന്നൈയുടെ സ്‍കോര്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തില്‍ 109 ആയി. തെലുങ്കിനായി തമൻ മൂന്നും നന്ദകിഷോര്‍ രണ്ടും സമ്രാട്ടും പ്രിൻസും ഓരോ വിക്കറ്റും സ്വന്തമാക്കി. ചെന്നൈ റൈനോസ് നിശ്ചയിച്ച 101 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന തെലുങ്കിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‍ടത്തില്‍ 80 റണ്‍സ് എടുക്കാനേ ആയുള്ളൂ. അഖില്‍ അക്കിനേനി 22, പ്രിൻസ് 20, റോഷൻ എട്ട്, ഹരീഷ് 10, സുധീര്‍ ബാബു അഞ്ച് തമൻ രണ്ട്, അശ്വിൻ ഒന്ന്, സച്ചിൻ ജോഷി അഞ്ച് റണ്‍സ് എന്നിങ്ങനെയാണ് തെലുങ്ക് വാരിയേഴ്‍സ് ബാറ്റ്‍സ്‍മാൻമാരുടെ സ്‍കോറുകള്‍.
Read More: പ്രദീപിന് അര്‍ദ്ധ സെഞ്ച്വറി, പഞ്ചാബിനെതിരെ കര്‍ണാടകയ്‍ക്ക് തകര്‍പ്പൻ ജയം
