കര്‍ണാടക മൂന്നാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ലക്ഷ്യത്തിലെത്തി. 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പഞ്ചാബ് ദേ ഷേറിനെതിരെ കര്‍ണാടക ബുള്‍ഡോസേഴ്‍സിന് എട്ട് വിക്കറ്റ് ജയം. നായകൻ പ്രദീപിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് കര്‍ണാടകയുടെ പ്രകടനത്തില്‍ നിര്‍ണായകമായത്. വെറും നാല്‍പത് റണ്‍സിന്റെ മാത്രം വിജയ ലക്ഷ്യത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ വിജയം കണ്ടു. രാജീവ് ഹനുവാണ് രണ്ടാം ഇന്നിംഗ്‍സില്‍ കര്‍ണാടക നിരയില്‍ തിളങ്ങിയത്.

ടോസ് നേടിയ പഞ്ചാബ് താരങ്ങള്‍ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദേവ ഖറോഡ് 20, അമിത് 19, മയൂര്‍ 10, ഹാര്‍ഡി 15, ദക്ഷ്‍ അജിത്ത് ആറ് എന്നിങ്ങനെ റണ്‍സ് എടുത്ത ആദ്യ സ്‍പെല്ലില്‍ പഞ്ചാബിന് നേടാനായത് വെറും 80 റണ്‍സ് മാത്രമായിരുന്നു. കര്‍ണാടക ബൗളര്‍മാരുടെ മുന്നില്‍ പഞ്ചാബ് താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ട് വിക്കറ്റെടുത്ത കൃഷ്‍ണ 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. കര്‍ണാടകയുടെ ആര്യനും രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക ബുള്‍ഡേഴ്‍സിന് വേണ്ടി രണ്ട് ഓപ്പണര്‍മാരും തിളങ്ങി. പ്രദീപ് ബൊഗാഡി 29 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്തപ്പോള്‍ കൃഷ്‍ണ 16 പന്തില്‍ 39ഉം റണ്‍സ് എടുത്തു. രാജീവ് ഹനു വെറും ഒമ്പത് പന്തില്‍ 33 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു. കര്‍ണാടക 10 ഓവറില്‍ 140 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ കര്‍ണാടകയുടെ 60 റണ്‍സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്‍ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്‍ടത്തില്‍ 100 റണ്‍സ് എടുത്തു. 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ ഹാര്‍ഡിയും 21 റണ്‍സ് നേടിയ അനുജും പഞ്ചാബിനായി തിളങ്ങി. പഞ്ചാബ് നിശ്ചയിച്ച 40 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് രാജീവ് ഹനു കര്‍ണാടകയ്‍ക്ക് വേണ്ടി വെറും എട്ട് പന്തില്‍ നിന്ന് 28 റണ്‍സ് നേടി. കെ സുദീപ് മൂന്ന്, ജയറാം ആറ്, അരുണ്‍ നാല് എന്നിങ്ങനെ സ്‍കോര്‍ കര്‍ണാടകയ്‍ക്ക് വേണ്ടി നേടിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്‍ടത്തിലായിരുന്നു വിജയം കണ്ടത്.

Read More: ശിവകാര്‍ത്തികേയന്റെ 'മാവീരൻ' റിലീസിന് മുന്നേ സ്വന്തമാക്കിയത് 83 കോടി