സിസിഎല്ലില്‍ തെലുങ്ക് വാരിയേഴ്‍സുമായാണ് കേരള ടീം ഏറ്റുമുട്ടുക.
ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ സി3 കേരള സ്‍ട്രൈക്കേഴ്‍സിന് ഇന്ന് ആദ്യ മത്സരമാണ്. തെലുങ്ക് വാരിയേഴ്‍സുമായിട്ടാണ് സി 3കേരള സ്‍ട്രൈക്കേഴ്‍സ് ഇന്ന് ഏറ്റുമുട്ടുക. ഇന്ന് ഉച്ചക്ക് 2.0ന് റായ്‍പ്പൂരില്‍ വെച്ചാണ് മത്സരം നടക്കുക. പിന്തുണയുണ്ടാകണം എന്ന് അഭ്യര്‍ഥിച്ച് കേരള സ്‍ട്രൈക്കേഴ്‍സ് പരിശീലകൻ മനോജ് ചന്ദ്രൻ രംഗത്ത് എത്തി.
സി3 കേരള സ്‍ട്രൈക്കേഴ്‍സിന്റെ പരിശീലകനായതിന്റെ സന്തോഷം പങ്കുവെച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് മനോജ് ചന്ദ്രൻ. പുതിയൊരു ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 Kerala Strikers ടീമിന്റെ പരിശീലകനായാണത്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ക്രിക്കറ്റിന്റെ ആഴത്തിലും പരപ്പിലും മുങ്ങിനിവരാറുണ്ടായിരുന്നു. സങ്കടങ്ങളെയെല്ലാം അത് നൽകുന്ന സന്തോഷത്താൽ ബാഷ്‍പീകരിക്കാറുണ്ടായിരുന്നു. പുലർക്കാല സ്വപ്‍നങ്ങളിലെല്ലാം പച്ചപ്പുൽമൈതാനവും ബാറ്റും ബോളും തന്നെയായിരുന്നു ഹൃദയത്തെ ഉമ്മവച്ചുണർത്തിക്കൊണ്ടിരുന്നിരുന്നത്. മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റൻ. ക്രിക്കറ്റിനെ പ്രണയിക്കുന്ന അതിൽ ആനന്ദം കണ്ടെത്തുന്ന നിരവധി താരങ്ങൾ. അവർക്കൊപ്പമാണിനിയുള്ള ദിനങ്ങൾ. ഇപ്പോൾ ടീമിനൊപ്പം റായിപ്പൂരിലാണ്. ഇന്ന് ഉച്ചക്ക് 2.30 ന് C3 Kerala Strikers Vs Telugu warriors മത്സരമാണ്. എല്ലാവരും കാണണം. പ്രാർത്ഥനകളിൽ ഉണ്ടാവണം പിന്തുണയ്ക്കണം എന്നും മനോജ് ചന്ദ്രൻ കുറിപ്പില്‍ പറയുന്നു.
ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് കേരള ടീം അംഗങ്ങൾ. അഖില്‍ അക്കിനേനിയുടെ ക്യാപ്റ്റൻസിയിലാണ് തെലുങ്ക് താരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. സച്ചിൻ ജോഷി, അശ്വിൻ ബാബു, ധരം, ആദര്‍ശ്, നന്ദ കിഷോര്‍, നിഖില്‍, രഘു, സമ്രത്, തരുണ്‍, വിശ്വ, പ്രിൻസ്, സുശാന്ത്, ഖയ്യും, ഹരീഷ് എന്നിവരാണ് ടീം അംഗങ്ങള്‍. വെങ്കിടേഷ് മെന്ററാണ്. തെലുങ്ക് വാരിയേഴ്‍സിന്റെയും ഈ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.
പരിഷ്‍കരിച്ച ഫോര്‍മാറ്റിലായിരുന്നു പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സ്‍പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്‍സുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്സ് ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ ചൈന്നൈ റൈനോസ് 10 വിക്കറ്റിന് ആണ് പരാജയപ്പെടുത്തിയത്.
