രൺവീർ സിംഗിന്റെ 'ധുരന്ധർ 2' മാർച്ച് 19-ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 21 കട്ടുകൾ നിർദ്ദേശിച്ച ബോർഡ്, ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ഭാഗങ്ങൾ ഒഴിവാക്കി.
ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം ആഘോഷിച്ച സിനിമയാണ് ധുരന്ധർ. ഹംസ എന്ന കഥാപാത്രമായി രൺവീർ സിംഗ് നിറഞ്ഞാടിയ ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ചയായി മാറി. മലയാളികളും ചിത്രം ഏറ്റെടുത്തു. ഒടുവിൽ ഒരിടവേളയ്ക്ക് ശേഷം 1000 കോടി പിന്നിട്ട ബോളിവുഡ് ചിത്രമായി മാറി ഈ സ്പൈ ആക്ഷൻ ത്രില്ലർ. ആദ്യ ഭാഗം നൽകിയ ചെറുതല്ലാത്ത ദൃശ്യവിസ്മയം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും പ്രേക്ഷകരെ അടുപ്പിക്കുന്നത്. ചിത്രം മാർച്ച് 19, അതായത് നാളെ തിയറ്ററുകളിൽ എത്തും. തതവസരത്തിൽ ധുരന്ധർ 2ന്റെ സെൻസർ വിവരങ്ങളും പുറത്തുവരികയാണ്.
എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 21 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. ഏറെ വയലൻസ് നിറഞ്ഞ ഭാഗങ്ങൾ നീക്കം ചെയ്യാൻ ബോർഡ് നിർദ്ദേശം നൽകിയിരുന്നു. ആകെ മൊത്തം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള രംഗങ്ങളാണ് ധുരന്ധർ 2ന്റേതായി വെട്ടി മാറ്റിയിരിക്കുന്നത്. അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന മുന്നറിയിപ്പ് സിനിമയ്ക്ക് മുൻപ് എഴുതിക്കാണിക്കാനും നിർദ്ദേശമുണ്ട്. അശ്ലീലത നിറഞ്ഞ വാക്കുകൾ മ്യൂട്ട് ചെയ്യാനും ചിലത് മാറ്റി പകരം വേറെ വാക്കുകൾ ഉൾപ്പെടുത്താനും സെൻസർബോർഡ് പറഞ്ഞിട്ടുണ്ട്. തലയറുക്കുന്ന, ചുറ്റികയും സിമന്റ് കട്ടയും കൊണ്ട് ആളുകളെ ആക്രമിക്കുന്ന, കണ്ണ് അടിച്ച് പൊട്ടിക്കുന്ന തുടങ്ങി ഏറെ വയലൻസ് നിറഞ്ഞ രംഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു.
സബ് ടൈറ്റിലിൽ നോട്ട് നിരോധനത്തിന്റെ ഡേറ്റ് മാറ്റണമെന്നും പ്രധാനമന്ത്രിയുടെ പരാമർശനങ്ങളും വിഷ്വൽസും ഉപയോഗിക്കാൻ അനുമതി പത്രം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയ ധുരന്ധർ 2ന്റെ അവസാന റൺ ടൈം 3 മണിക്കൂർ 49 മിനിറ്റും 36 സെക്കന്റുമാണ്. എന്നാൽ ഓവർസീസ് പതിപ്പിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂർ 56 മിനിറ്റാണ്.
അതേസമയം, ശനിയാഴ്ച ആരംഭിച്ച ധുരന്ധർ 2ന്റെ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം ചിത്രം 100 കോടി രൂപയുടെ കളക്ഷൻ നേടുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗോള തലത്തിൽ 1,005.91 കോടി രൂപയാണ് ധുരന്ധർ നേടിയതെന്നാണ് സാക്നിൽക്ക് റിപ്പോർട്ട്.



